ന്യൂഡൽഹി: അമേതി ഇത്തവണ കോൺഗ്രസിനെ ചതിച്ചു. പകരം സ്മൃതി ഇറാനിയെന്ന ബിജെപിയുടെ പെൺപടക്കുതിരെയെ പിന്തുണച്ചു. ഫലമോ, അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പരാജയപ്പെട്ടു. 2014ൽ രാഹുലിനോട് തോറ്റ സ്മൃതിക്ക് ഇത് മധുരപ്രതികാരം.
2004 മുതൽ രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് അമേതി. കഴിഞ്ഞ മൂന്നുതവണയും എതിർസ്ഥാനാർത്ഥികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു രാഹുലിന്റെ വിജയം. പക്ഷേ, ഇത്തവണ രാഹുലിന് പിഴച്ചു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയിട്ടും രാഹുലിനൊപ്പം അമേതി നിന്നില്ല.
എളുപ്പവഴിയിൽ നേടിയതല്ല സ്മൃതി ഈ വിജയം. കഴിഞ്ഞതവണ തോറ്റെങ്കിലും അന്നുമുതൽ സ്മൃതി 2019 ലക്ഷ്യംവച്ച് അമേതിയിൽ ചുറ്റിത്തിരിയുകയായിരുന്നു. മണ്ഡലത്തിൽ രാഹുലിന്റെ അസാന്നിദ്ധ്യം ചർച്ച ചെയ്യപ്പെട്ട ഇടങ്ങളിലെല്ലാം സ്മൃതിയുടെ സാന്നിദ്ധ്യവും ചർച്ച ചെയ്യപ്പെട്ടു. രാഹുൽ മണ്ഡലത്തിനുേവണ്ടി ഒന്നുംചെയ്യുന്നില്ലെന്നും താൻ അവർക്കൊപ്പമാണെന്നും സ്മൃതി ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. അമേതിയിലെ അടിസ്ഥാന സൗകര്യ ദൗർലഭ്യവും വികസനമില്ലായ്മയുമൊക്കെ സ്മൃതി ആയുധമാക്കി. തിരഞ്ഞെടുപ്പ് അടുത്തതോടെ താത്കാലിക സിനിമാകൊട്ടകകൾ ഉണ്ടാക്കി സ്മൃതി അമേതിക്കാരെ സിനിമ കാണിച്ചു. അതും ദേശസ്നേഹം വിഷയമാക്കിയ 'ഉറി-ദ സർജിക്കൽ സ്ട്രൈക്ക്" എന്ന സിനിമ. അങ്ങനെ നിരന്തരം അഞ്ചുവർഷത്തെ പ്രയത്നഫലമായി നേടിയതാണ് രാഹുലിനെതിരെയുള്ള സ്മൃതിയുടെ ഈ മധുരവിജയം. അതുവഴി തകർന്നുപോയത് കോൺഗ്രസിന്റെ വലിയ ആത്മവിശ്വാസങ്ങളിലൊന്നായ അമേതിയാണ്.