പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറുമ്പോൾ അതിനു പിന്നിൽ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ എന്ന രാഷ്ട്രീയ ചാണക്യന്റെ തന്ത്രങ്ങളും പ്രധാനമാണ്. ബി.ജെ.പി 300 സീറ്റുകൾ നേടി അധികാരത്തിലെത്തും എന്ന് പലതവണ അമിത് ഷാ ആവർത്തിച്ചതിനു പിന്നിലും ഈ ആത്മവിശ്വാസം തന്നെ. തിരഞ്ഞെടുപ്പ് രംഗത്ത് പലതവണ വിജയന്ത്രങ്ങൾ ഒരുക്കിയ അമിത് ഷാ ലോക്സഭാ പോരാട്ടത്തിലും വിജയം നേടി. വികസനവും ദേശീയതയും രാജ്യസുരക്ഷയും വിഷയമാക്കിയതിനോടൊപ്പം മോദി എന്ന ബ്രാൻഡിനെയും വിജയത്തിനായി ഒരുക്കി.
അവസാനഘട്ട വോട്ടെടുപ്പിന് രണ്ടുദിവസം മുമ്പ് കേവലഭൂരിപക്ഷമുള്ള ഒരു സർക്കാർ വീണ്ടും അധികാരത്തിലെത്തും എന്ന ബി.ജെ.പി ആസ്ഥാനത്ത് വച്ച് നരേന്ദ്രമോദി പറഞ്ഞിരുന്നു. അവസാനം ജനവിധി പുറത്തുവന്നപ്പോൾ മോദിയും അമിതാ ഷായും പറഞ്ഞത് വെറുതെയല്ല എന്നു തെളിഞ്ഞു.
രാജ്യമെങ്ങും ബി.ജെ.പിയുടെ സ്ഥാനർത്ഥികൾ മോദിക്കുവേണ്ടിയാണ് വോട്ടുചോദിച്ചത്. സംസ്ഥാന സർക്കാരുകളോടും സിറ്റിംഗ് എം.പിമാരോടുമുള്ള ജനങ്ങളുടെ എതിർവികാരത്തെ മോദി മാജിക്കിലൂടെ മറികടന്നു. സർജിക്കൽ സ്ട്രൈക്കും പുൽവാമയും ബാലക്കോട്ട് വ്യോമാക്രമണവും ബി.ജെ.പിയുടെ പ്രചാരണ വേദികളിൽ അവർ ഉച്ചത്തിൽ ആവർത്തിച്ച് ഉന്നയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്കൊന്നും അവർക്ക് ബാധകമായില്ല. പ്രചാരണരംഗത്ത് മോദിയുടെ പിന്നാലെയായിരുന്നു പ്രതിപക്ഷ പാർട്ടികളും
ഹിന്ദുത്വത്തിന് പകരം ദേശസുരക്ഷയും ദേശീയതയും മുദ്രാവാക്യമാക്കി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. സർക്കാർ നടപ്പാക്കിയ സാമൂഹ്യക്ഷേമ പദ്ഥതികളും വികസനത്തിന്റെ പേരിൽ ഉ.യർത്തിക്കാട്ടാൻ മോദിക്കായി. ത്രിപുര പിടിക്കാൻ യെ ബി.ജെ.പി നിയോഗിച്ച സുനിൽ ദേവ്ദർ ബംഗാളിലും ഹിമന്ദ ബിസ്വശർമ്മ വടക്കുകിഴക്കും ബി.ജെ.പി മുന്നേറ്റത്തിന്റെ ആസൂത്രകരായി. യു.പിയിലെ ജാതി രാഷ്ട്രീയത്തെ മറികടക്കാനും മോദി ഫാക്ടർ ഉപകരിച്ചു.