കൊച്ചി: തിരഞ്ഞെടുപ്പ് നടപടികൾ അവസാനിച്ചതിന് പിന്നാലെ രാജ്യത്ത് ഇന്ധനവില കൂടിത്തുടങ്ങി. ഇന്നലെ പെട്രോൾ വില ലിറ്ററിന് എട്ട് പൈസ വർദ്ധിച്ച് 74.45 രൂപയായി (തിരുവനന്തപുരം വില). ലിറ്ററിന് ഒമ്പത് പൈസ ഉയർന്ന് 71.20 രൂപയിലായിരുന്നു ഡീസൽ വ്യാപാരം. കഴിഞ്ഞ നാല് ദിവസത്തിനിടെ പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയും കൂടിയിട്ടുണ്ട്.
ആഗോള തലത്തിൽ ക്രൂഡോയിൽ വില നേട്ടത്തിലേക്ക് തിരിച്ചു കയറിയെങ്കിലും കഴിഞ്ഞ ഏതാനും ആഴ്‌ചകളായി തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ എണ്ണവിതരണ കമ്പനികൾ പെട്രോൾ, ഡീസൽ വില കൂട്ടിയിരുന്നില്ല. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതിച്ചെലവ് കൂടിയതും എണ്ണക്കമ്പനികൾ പരിഗണിച്ചിരുന്നില്ല. ഇന്നലെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 70.36 ഡോളറാണ്. യു.എസ് ക്രൂഡ് വില ബാരലിന് 60.91 ഡോളർ.
ഒപെക്കിന്റെ നേതൃത്വത്തിലുള്ള ഉത്‌പാദന നിയന്ത്രണം, അമേരിക്കൻ ഉപരോധം മൂലം ഇറാനിൽ നിന്നുള്ള വിതരണത്തിലുണ്ടായ ഇടിവ് എന്നിവയാണ് രാജ്യാന്തര ക്രൂഡോയിൽ വില വർദ്ധനയ്ക്ക് കാരണമാകുന്നത്. നിലവിലെ ട്രെൻഡ് അനുസരിച്ച് വരുംനാളുകളിലും ഇന്ധനവില കൂടാനാണ് സാദ്ധ്യതയെന്നാണ് വിലയിരുത്തൽ.