yatra-

ആന്ധ്രയിൽ 175 ൽ 151 സീറ്റിലും ലീഡ് നേടി ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിപദത്തിലേക്ക് കുതിക്കുമ്പോൾ മലയാളത്തിന്റെ താരരാജാവ് മമ്മൂട്ടിയും ചെറുതല്ലാത്ത ഒരു പങ്കുവഹിച്ചിട്ടുണ്ട് ജഗൻ മോഹൻ റെഡ്ഡിയുടെ പിതാവ് വൈ.എസ് .രാജശേഖരറെഡ്ഡിയുടെ കഥ പറയുന്ന യാത്ര എന്ന ചിത്രത്തിൽ വൈ.എസ്.ആറായി പകർ‌ന്നാടിയത് മമ്മൂട്ടിയായിരുന്നു.

തിരഞ്ഞെടുപ്പ് കാലത്ത് ഇറങ്ങിയ ചിത്രം തിയേറ്ററുകളിൽ ആളെ നിറച്ചു. 200ലെ കൊടുംവരൾച്ചയിൽ ആന്ധ്ര വലഞ്ഞസമയത്ത് കത്തുന്ന വേനലിൽ മൂന്നുമാസം കൊണ്ട് 1500 കിലോമീറ്റർ വൈ.എസ്.ആർ നടത്തിയ പദയാത്രയുടെ കഥയാണ് ചിത്രം പറഞ്ഞത്. വൈ.എസ്.ആറിന്റെ പദയാത്ര അവസാനിച്ചത് ആന്ധ്രയുടെ മുഖ്യമന്ത്രിക്കസേരയിലാണ്. 2004ലെ തിരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയെ തറപറ്റിച്ചായിരുന്നു അദ്ദേഹത്തിന്റെ വിജയം. 2009 സെപ്റ്റംബറില്‍ വീണ്ടും വിജയം നേടി.. ഒടുവിൽ മുഖ്യമന്ത്രിയായിരിക്കെ ഹെലികോപ്റ്റർ അപകടത്തിൽ അന്ത്യം. തിരഞ്ഞെടുപ്പ് കാലത്ത് യാത്ര സിനിമ ജനങ്ങളെ പലവട്ടം വൈ.എസ്.ആർ കോൺഗ്രസ് കാണിച്ചു. വൈ.എസ്.ആറിന്റെ പദയാത്രയും ജനങ്ങൾക്ക് വേണ്ടി ചെയ്ത പ്രവൃത്തികളും സിനിമയിലൂടെ വീണ്ടും ചർച്ചയായി.

വൈ.എസ്.ആർ രാഷ്ട്രീയത്തിലുണ്ടായിരുന്നപ്പോൾ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ച ജഗൻമോഹൻ റെഡ്ഡി പിതാവിന്റെ മരണശേഷം രാഷ്ട്രീയത്തിലിറങ്ങി. വൈ.എസ്.ആറിന്റെ മകനോടുള്ള ജനങ്ങളുടെ സ്നേഹം വോട്ടായി വീണു.

നേനു വിന്നാന്നു നേനു വുന്നാന്നു (ഞാൻ കേട്ടു ഞാൻ നിങ്ങൾക്കൊപ്പമുണ്ട്) എന്ന ചിത്രത്തിലെ ഡയലോഗ് പ്രചാരണപരിപാടികളിൽ പലയിടത്തും ജഗനും ഉപയോഗിച്ചു. ജഗന്റെ വാക്കുകൾ ജനമനസുകളിൽ പതിഞ്ഞു. ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിൽ ആന്ധ്രയ്ക്ക് പ്രത്യേക പദവി നേടിത്തരാൻ ജഗനു സാധിക്കുമെന്ന ജനങ്ങളുടെ ശുഭാപ്തിവിശ്വാസമാണ് ചരിത്രവിജയയാത്രയിലേക്ക് ജഗനെ നയിച്ചത്.