തിരുവനന്തപുരം: ആലത്തൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാഹരിദാസിന്റെ വിജയത്തിൽ എ. വിജയരാഘവനെതിരെ ട്രോളുമായി എഴുത്തുകാരൻ എൻ എസ് മാധവൻ. ‘എ വിജയരാഘവൻ ഈ വീടിന്റെ ഐശ്വര്യം ,ആലത്തൂരിൽ ഒരു വീട്ടിൽ പ്രത്യക്ഷപ്പെടാവുന്ന ബോർഡ്.’ എന്നായിരുന്നു എൻ.എസ് മാധവൻ ട്വിറ്ററിൽ കുറിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രമ്യാ ഹരിദാസിനെതിരെ എൽ.ഡിഎഫ് കൺവീണർ എ. വിജയരാഘവൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത് വൻ വിവാദമായിരുന്നു. ‘ആലത്തൂരിലെ സ്ഥാനാർത്ഥി പെൺകുട്ടി ,അവർ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു, പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു, അതോടു കൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാൻ വയ്യ, അത് പോയിട്ടുണ്ട്. ഇതായിരുന്നു വിജയരാഘവന്റെ വാക്കുകൾ.
തുടർന്ന് രമ്യ വിജയരാഘവനെതിരെ പരാതി നൽകിയതും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടതും വലിയ വാർത്തയായിരുന്നു. ഇതിനിടെയിലാണ് ഒരുലക്ഷത്തിന് മേലെ ഭൂരിപക്ഷം നേടി രമ്യാഹരിദാസ് ലോക്സഭയിലേക്കെത്തുന്നത്.ഈ സാഹചര്യത്തിലാണ് എൻ എസ് മാധവന്റെ ട്വീറ്റ്. മാത്രവല്ല രമ്യാ ഹരിദാസിനെതിരെ അദ്ധ്യാപിക ദീപ നിശാന്ത് രംഗത്തെത്തിയതും പ്രചാരണ സമയത്ത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
"എ വിജയരാഘവൻ ഈ വീടിന്റെ ഐശ്വര്യം"
— N.S. Madhavan این. ایس. مادھون (@NSMlive) May 23, 2019
ആലത്തൂരിൽ ഒരു വീട്ടിൽ പ്രത്യക്ഷപ്പെടാവുന്ന ബോർഡ്