c-divakaran

തിരുവനന്തപുരം: കമ്മ്യൂണിസ്‌റ്റുകൾക്ക് തിരിച്ചടി സ്വാഭാവികമാണെന്നും തന്റെ തോൽവിയ്‌ക്ക് ശബരിമലയും ഒരു കാരണമായിരിക്കാമെന്ന് സി.പി.ഐ നേതാവും തിരുവനന്തപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന സി.ദിവാകരൻ. ഒരു സംഘടിതമായ നീക്കം തനിക്കെതിരെ നടന്നിട്ടുണ്ടെന്നും അത് പാർട്ടിപരിശോധിക്കണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സി.ദിവാകരൻ ആവശ്യപ്പെട്ടു.

'തിരുവനന്തപുരത്ത് ഇങ്ങനെയൊരു അവസ്ഥയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ജനങ്ങളുടെ പൾസ് അറിയാൻ ഇനിയും മുന്നോട്ടു പോകണം. ഇടതുപക്ഷം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. ശശി തരൂരിന് എന്റെ അഭിനന്ദനം അറിയിക്കുന്നു. ഇടതുപക്ഷത്തിന്റെ പ്രവർത്തകർ നിരാശപ്പെടേണ്ടകാര്യമില്ല. കമ്മ്യൂണിസ്‌റ്റുകൾക്ക് തിരിച്ചടി സ്വാഭാവികം. ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ ഇടതുപക്ഷത്തിന് ഇനിയും കഴിയും. സംസ്ഥാനത്ത് ശക്തമായ ഒരു സർക്കാരുണ്ട്.

എല്ലാവരും പറയുന്നു തോൽവിയ്‌ക്ക് ശബരിമല ഒരു കാരണമാണെന്ന്. ഒന്ന് അതായിരിക്കാം. എന്നാൽ അതുകൊണ്ടു മാത്രം ഇടതുപക്ഷം ഇങ്ങനെ പരാജയപ്പെടില്ല. വിധി സുപ്രീം കോടതിയുടേതായിരുന്നു. എന്നാൽ വിധിയും സുപ്രീം കോടതിയുമല്ല ഇവിടെ ചർച്ച ചെയ്യപ്പെട്ടത്. സർക്കാരാണ് വിധി കൊണ്ടുവന്നതെന്നാണ് ഇടതുപക്ഷ വിരോധികൾ പ്രചരിപ്പിച്ചത്. അത് നേരിടാനുള്ള ശക്തമായ പ്രവർത്തനങ്ങൾ കൈകൊണ്ടിട്ടുണ്ടോ എന്ന് പരിശോധിക്കണം.

ഒരു കാരണവശാലും കേരളത്തിൽ ഒരു സ്ഥലത്തും ബി.ജെ.പി അക്കൗണ്ട് തുറക്കരുതെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. ബി.ജെ.പി ദയനീയമായി പരാജയപ്പെട്ടു. അത് ഞങ്ങളുടെ വിജയമാണ്. ഇടതുപക്ഷം പരാജയപ്പെട്ടത് ഏതെങ്കിലും ഒരു ചെറിയ വിശ്വാസത്തിന്റെ പേരിലല്ല'. ജയിച്ചുവെന്ന് അവകാശപ്പെടുന്നവർക്ക് കേരളത്തിലെന്നല്ല ഇന്ത്യയിൽ പോലും ഒന്നും ചെയ്യാൻ കഴിയില്ലെന്നും സി.ദിവാകരൻ വ്യക്തമാക്കി.