തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ പരാജയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ സി.പി.എം പ്രവർത്തക സിന്ധു ജോയ്. "ഈ തിരെഞ്ഞെടുപ്പ് ഒരു പുനർ വിചിന്തനത്തിനുള്ള നിമിത്തമായി ഇടതുപക്ഷ പാർട്ടികൾ എടുക്കുമെന്ന് പ്രത്യാശിക്കാം. സമരമുഖങ്ങളിൽ ഉയരുന്ന ചെങ്കൊടികളാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്ത്. അതില്ലാതാകുമ്പോൾ ബംഗാളും ത്രിപുരയും സംഭവിക്കുന്നു"-സിന്ധു ജോയ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇടതുപക്ഷത്തിന്റെ അസ്തമയമാണോ ഇത്? അല്ലെന്നു വിശ്വസിക്കാനാണ് ഇഷ്ടം. ഇടതുപക്ഷത്തിന്റെ തകർച്ച മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും തകർച്ചകൂടിയാണ്. കാരണം, ഇടതുപക്ഷം ഇപ്പോഴും ഒരു പ്രതിരോധമാണ്!
ഈ തെരെഞ്ഞെടുപ്പ് ഒരു പുനർ വിചിന്തനത്തിനുള്ള നിമിത്തമായി ഇടതുപക്ഷ പാർട്ടികൾ എടുക്കുമെന്ന് പ്രത്യാശിക്കാം. സമരമുഖങ്ങളിൽ ഉയരുന്ന ചെങ്കൊടികളാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്ത്. അതില്ലാതാകുമ്പോൾ ബംഗാളും ത്രിപുരയും സംഭവിക്കുന്നു. കെട്ടിയിറക്കപ്പെടുന്ന ഉപരിവർഗ സ്ഥാനാത്ഥികൾ തെരെഞ്ഞെടുപ്പ് ഗോദകളിൽ അമ്പേ പരാജയമാകുന്നു. അത്തരക്കാരെ അനർഹമായ ചില സുരക്ഷിതത്വങ്ങളിലേക്ക് തള്ളിക്കയറ്റി വിടുമ്പോൾ സാധാരണ സഖാക്കൾ അവഗണിക്കപ്പെടുന്നു.
ഇടതുപക്ഷത്തിന് ഒരു ഉയിർത്തെഴുന്നേൽപ്പ് അനിവാര്യമാണ്; അത് ദേശീയ മതേതര മൂല്യങ്ങളുടെ നിലനിൽപ്പിന് ആവശ്യവുമാണ് . കമ്യൂണിസം മരിച്ചുവെന്നൊക്കെ ഫേസ്‌ബുക്ക് പോസ്റ്റിടുന്ന സുഹൃത്തുക്കളോട്: അത്തരമൊരു മരണം നമ്മുടെതന്നെ മരണമാണ്. അത് സംഭവിച്ചുകൂടാ!