ഏപ്രിൽ 11 നായിരുന്നു പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിച്ചത്. എന്നാൽ മാസങ്ങൾക്ക് മുന്പ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവചനങ്ങൾ തുടങ്ങിയിരുന്നു.തന്റെ പ്രവചനം തെറ്റിപ്പോകുകയാണെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ ആളുകൾ വരെയുണ്ട്. ഫേസ്ബുക്ക് വഴിയായിരുന്നു പലരുടെയും പ്രവചനങ്ങൾ.ഇന്നലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ പലരും പ്രവചനങ്ങളും ഡിലീറ്റ് ചെയ്ത് സ്ഥലം വിട്ടു. എന്നാൽ നാദാപുരം സ്വദേശിയായ പികെ മുഹമ്മദ് അലി എന്ന യുവാവിന്റെ പ്രവചനം വളരെ കൃത്യമായിരുന്നു.
തിരഞ്ഞെടുപ്പിൽ ‘ആലപ്പുഴയിൽ ഷാനിമോൾ തോൽക്കുമെന്നും, ബാക്കി 19 സീറ്റുകളും യുഡിഎഫിന്’ലഭിക്കുമെന്നുമായിരുന്നു യുവാവിന്റെ പ്രവചനം. ഏപ്രിൽ നാലിന് യുവാവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.ഇന്നലെ ഫലം പുറത്ത് വന്നയുടൻ 'ഇങ്ങനെയൊക്കെ ആവൂന്ന് അറിഞ്ഞിരുന്നെങ്കിൽ,രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി കൂടി ആക്കാമായിരുന്നു.ബല്ലാത്തൊരു പ്രവചനം ആയിപ്പോയി' എന്ന കുറിപ്പോടുകൂടി പ്രവചനത്തിന്റെ സ്ക്രീൻ ഷോട്ട് യുവാവ് തന്നെയാണ് ഇന്നലെ വീണ്ടും ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
ശരിക്കും അങ്ങ് ആരാണ്?, മരണ മാസ്സ് പ്രവചനം, നീ മരണ മാസാണെന്ന് പറയണമെന്നുണ്ട്...തിരിച്ചു വല്ലതും കരിനാക്കു കൊണ്ട് പറഞ്ഞാലോ എന്ന ഭയം, അല്ലെലും നിനക്ക് പണ്ടെ കരിനാക്കല്ലെ പഹയാ എന്നിങ്ങനെ നിരവധി കമന്റകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.