man-stabbed

പുന്നയൂർക്കുളം: തിരഞ്ഞെടുപ്പ് ഫലമറിയാനായി സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. വടക്കേക്കാട് കപ്ലിയങ്ങാട് സ്വദേശി തണ്ടേങ്ങാട്ടിൽ രഞ്ജിത്ത്(31) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പരൂരിലെ ക്വാർട്ടേഴ്സിൽ തിരഞ്ഞെടുപ്പ് ഫലമറിയാനായി ഒത്തുകൂടിയവർ തമ്മിലുണ്ടായ തർക്കത്തിനിടയിലാണ് രഞ്ജിത്ത് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ രഞ്ജിത്തിന്റെ സുഹൃത്ത് ഷിജു ഉൾപ്പെടെ മൂന്നു പേരെ വടക്കേക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷിജു താമസിക്കുന്ന പരൂർ വാക്കത്തി റോഡിലുള്ള ക്വാർട്ടേഴ്സിൽ വെച്ചാണ് കുത്തേറ്റത്. തിരഞ്ഞെടുപ്പു ഫലമറിയാനായാണ് ഇവിടെ ഷിജുവും സുഹൃത്തുക്കളും ഒത്തുകൂടിയത്. ഷിജുവിന്റെ ഭാര്യ മക്കളെയും കൂട്ടി ജോലിക്ക് പോയിരുന്നു. അഞ്ചിലധികം പേർ ഇവിടെ ഒത്തുചേർന്ന് മദ്യപിച്ചിരുന്നതായി സമീപവാസികൾ പറയുന്നു. രാവിലെ മുതൽ ഇവർ ക്വാർട്ടേഴ്‌സിൽ ഉണ്ടായിരുന്നു. മദ്യപാനത്തിനിടെ വാക്കു തർക്കം ഉണ്ടായതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

കുത്തേറ്റ രഞ്ജിത്തിനെ സുഹൃത്തുക്കൾ തന്നെയാണ് പുന്നൂക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. നെഞ്ചിലേറ്റ ആഴമേറിയ മുറിവാണ് മരണകാരണം. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു.