prasanth-kishor

ന്യൂഡൽഹി: ഇന്നലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ആന്ധ്രാപ്രദേശ് വൈ.എസ്.ആർ കോൺഗ്രസ് തൂത്തുവാരുന്ന കാഴ്ചയായിരുന്നു കണ്ടത്. പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പിൽ 25ൽ 22 സീറ്റുകളും 175 ൽ 151നിയമസഭാ സീറ്റുകളുമായി വൈ.എസ്. ആർ കോൺഗ്രസ് അധികാരത്തിലേക്ക് നീങ്ങുന്പോൾ ജഗൻ മോഹൻ റെഡ്ഢിയെപ്പോലെ അല്ലെങ്കിൽ അതിലും കൂടുതൽ സന്തോഷിക്കുന്ന ഒരാളുണ്ട്,തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ...

ആദ്യമായിട്ടാണ് ആന്ധ്രപ്രദേശിൽ വൈ.എസ്.ആ‌ർ കോൺഗ്രസ് അധികാരത്തിൽ വരുന്നത്. ഈ നേട്ടത്തിൽ ചെറുതല്ലാത്തൊരു പങ്ക് പ്രശാന്ത് കിഷോറിനുണ്ട്. രണ്ട് വർഷത്തോളമായി അദ്ദേഹം ജഗൻ മോഹൻ റെഡ്ഢിക്കും വൈ.എസ്.ആർ കോൺഗ്രസിനും വേണ്ടി അണിയറയിൽ തന്ത്രങ്ങൾ മെനയാൻ തുടങ്ങിയിട്ട്. ടി.ഡി.പിയേയും ചന്ദ്രബാബു നായിഡുവിനെയും തോൽപ്പിച്ച് ജഗൻമോഹൻ റെഡ്ഢിയ്ക്ക് അധികാരം നൽകുക എന്ന തന്റെ ദൗത്യം മികച്ച രീതിയിൽ തന്നെ പ്രശാന്ത് പൂർത്തിയാക്കിയിരിക്കുകയാണ്.

ഹൈദരാബാദിൽ ജഗന്റെ വീട്ടിൽ, അദ്ദേഹത്തിനൊപ്പം ഇരുന്നാണ് ടി.ഡി.പിയുടെ തോൽവി പ്രശാന്ത് കിഷോർ ആഘോഷിച്ചത്. അതോടൊപ്പം ട്വിറ്റിലൂടെ ആന്ധ്രയോടും ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷനിലെ തന്റെ സഹപ്രവർത്തകരോടുമുള്ള നന്ദി അറിയിക്കുകയും ചെയ്തു. കൂടാതെ പുതിയ മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു.

Thank you Andhra and colleagues at @IndianPAC for the landslide victory.
Congratulations and best wishes to the new CM @ysjagan

— Prashant Kishor (@PrashantKishor) May 23, 2019


2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സർക്കാരിനെ അധികാരത്തിലെത്തിക്കാനും 2015ൽ നിതീഷ് കുമാറിനെ ബീഹാറിൽ അധികാരത്തിലെത്തിക്കാനും മുഖ്യപങ്കു വഹിച്ച വ്യക്തി കൂടിയാണ് പ്രശാന്ത് കിഷോർ. ബിഹാ‌ർ ഭരിക്കുന്ന ജെഡിയുവിന്റെ ഉപാധ്യക്ഷന്‍ കൂടിയായ പ്രശാന്ത് കിഷോറിന് തിരിച്ചടികളും ലഭിച്ചിട്ടുണ്ട്. 2017ൽ ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ വിജയത്തിന് വേണ്ടി പ്രയത്നിച്ചെങ്കിലും പരാജയമായിരുന്നു ഫലം. എന്നിരുന്നാലും ആന്ധ്രയിലെ ഈ വിജയം പ്രശാന്തിന്റെ പ്രവർത്തനങ്ങൾക്കുള്ള വലിയൊരു അംഗീകാരം തന്നെയാണ്.ചാരിതാർത്ഥ്യത്തോടെയാണ് ആന്ധ്രയിൽ നിന്നുള്ള അദ്ദേഹത്തിന്റെ മടക്കം.