zakir-musa

ന്യൂഡൽഹി: വൻ ഭൂരിപക്ഷത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലേറുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു രാജ്യം. ഇതിന്റെ ഭാഗമായി അതിർത്തി മേഖലയിൽ വൻ സുരക്ഷാ സന്നാഹങ്ങളാണ് സൈന്യം ഏർപ്പെടുത്തിയത്. രാജ്യം പുതിയ സർക്കാരിനെ വരവേറ്റ് ആഹ്ലാദിക്കുമ്പോഴും വിശ്രമമില്ലാതെ കൊടുംഭീകരനായ സാക്കിർ മൂസയെ വധിച്ചിരിക്കുകയാണ് ഇന്ത്യൻ സൈന്യം. തെക്കൻ കാശ്മീരിലെ ത്രാലിൽ നടന്ന ഏറ്റുമുട്ടലിലാണ് കൊടുംഭീകരനെ ഇന്ത്യൻ സൈന്യം വധിച്ചത്.

അൽ ഖ്വയ്ദയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അൻസാർ ഘസ്വാതുൽ ഹിന്ദ് എന്ന സംഘടനയുടെ തലവനാണ് സാക്കിർ മൂസ. ഏറ്റമുട്ടലിൽ സാക്കിർ മൂസ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല. ഇന്ന് രാവിലെയോടെയാണ് ഏറ്റമുട്ടൽ നടന്ന പ്രദേശത്ത് നിന്ന് ഇയാളുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണം ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. ഒരു എ.കെ 47 തോക്കും റോക്കറ്റ് ലോഞ്ചറും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.

2016ൽ ബുർഹാൻ വാനി എന്ന ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതിന് ശേഷം മൂസ സോഷ്യൽ മീഡിയയിലടക്കം പ്രവർത്തനങ്ങൾ സജീവമാക്കിയിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സാക്കിർ മൂസ കൊല്ലപ്പെട്ടതിനെ തുടർന്ന് സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജമ്മു കാശ്മീരിലെ എല്ലാ വിദ്യാലയങ്ങൾക്കും അധികൃതർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് ഇന്റർനെറ്റ് ബന്ധം താത്കാലികമായി നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്.