പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിധിയറിഞ്ഞ് ജയപരാജയങ്ങളുടെ വിലയിരുത്തലിന്റെ തിരക്കിലാണ് രാഷ്‌ട്രീയ പാർട്ടികൾ. കേരളത്തിലെ കാര്യമെടുത്താൽ ഇരുപതിൽ ഒരു സീറ്റ് മാത്രം നേടി പരിതാപകരമായ പ്രകടനം കാഴ്‌ചവച്ച ഇടതുപക്ഷം ഞെട്ടലിൽ നിന്ന് മുക്തരാകാൻ ദിവസങ്ങളെടുക്കും. എന്നാൽ അവർക്ക് ഏറ്റവും വലിയ അട്ടിമറി സംഭവിച്ചിരിക്കുന്നത് പാലക്കാടാണെന്ന് നിസംശയം പറയാം. എല്ലാ എക്‌സിറ്റ് പോളുകളും സി.പി.എമ്മിന്റെ കരുത്തനായ എം.ബി രാജേഷിന് വിജയം ഒപ്പമാണെന്ന് പ്രവചിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് സകലകണക്കുകളും തകിടം മറിച്ച് യു.ഡി.എഫിന്റെ വി.കെ ശ്രീകണ്‌ഠൻ മിന്നുന്ന വിജയം കൈപ്പിടിയിലൊതുക്കിയത്.
എന്നാൽ ശ്രീകണ്‌ഠനെ സംബന്ധിച്ചിടത്തോളം ഈ വിജയം ഒരു പ്രതികാരത്തിന്റേതു കൂടിയാണ്. വളരെ പഴക്കമുള്ള എന്നാൽ ഏറെ മധുരമുള്ള ഒരു പ്രതികാരത്തിന്റേത്. ഷൊർണൂർ എസ്.എൻകോളേജിൽ പഠിക്കുകയായിരുന്നു ശ്രീകണ്ഠൻ. അങ്ങനെയൊരു ദിവസമാണ് എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ആക്രമണം കോളേജിൽ നടന്നു. അതിനിടെ അക്രമികളിലൊരാൾ സോഡാക്കുപ്പി പൊട്ടിച്ച് ശ്രീകണ്‌ഠന്റെ മുഖത്ത് കുത്തി. ഇടതുകവിൾ തുളച്ച ഗ്ലാസ് വായ്‌ക്കുള്ളിൽ വരെയെത്തി. ആശുപത്രിയിലെ ഐ.സി.യുവിൽ ശ്രീകണ്ഠൻ എത്തിയത് 13 തുന്നലുകളുമായാണ്.
ആശുപത്രി വിട്ടിട്ടും വെളുത്ത മുഖത്ത് 'എൽ' ആകൃതിയിൽ ആ മുറിപ്പാട് മായാതെ കിടന്നു. ആ ധർമസങ്കടത്തിൽ നിന്നും പുറത്തു കടക്കാനാണ് താടി വളർത്താനുള്ള തീരുമാനത്തിൽ അദ്ദേഹമെത്തുന്നത്. മുഖത്തെ മുറിവുണങ്ങുന്നതുവരെ ഷേവ് ചെയ്യരുതെന്ന ഡോക്ടറുടെ ഉപദേശവും അതിന് പിന്നിലുണ്ടായിരുന്നു. എതിർ പാർട്ടിക്കാർ തീർത്ത മുറിപാടിനുമേൽ താടി വളർന്നുതുടങ്ങിയതോടെ മുഖത്ത് മാറ്റം വന്നുതുടങ്ങിയതായി ശ്രീകണ്‌ഠനുംതോന്നി. പതിയെ ആ താടി ശ്രീകണ്‌ഠന്റെ മുഖത്തിന്റെ ഭാഗമാവുകയും ചെയ്‌തു.
പക്ഷേ അതോടെവേറൊരുചോദ്യം അദ്ദേഹത്തിന് നേരെ ഉയരാൻ തുടങ്ങി. 'എന്ന് താടി വടിക്കും?' കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും തുടർച്ചയായിചോദ്യങ്ങളുയർന്നതോടെ 'എന്നെ ആക്രമിച്ച പ്രസ്ഥാനത്തെ തോൽപ്പിക്കുന്ന അന്നുമാത്രമേ താടിയെടുക്കൂ' എന്ന് ശ്രീകണ്‌ഠൻ പ്രഖ്യാപിച്ചു. ആ പ്രതിജ്ഞ ഇപ്പോൾ പാലിക്കാൻ ഒരുങ്ങുകയാണ് ശ്രീകണ്‌ഠൻ. തന്നെ ആക്രമിച്ചവരെ കാണിക്കാനും തിരഞ്ഞെടുപ്പിൽ ഉന്നയിച്ച മുദ്രാവാക്യങ്ങൾ ശരിയായിരുന്നുവെന്ന് വ്യക്തമാക്കാനും ഒരൊറ്റത്തവണ താടിയെടുക്കുമെന്ന് അദ്ദേഹം പറയുന്നു.
സിറ്റിംഗ് എം.പിയായിരുന്ന എൽ.ഡി.എഫിന്റെ എം.ബി രാജേഷിനെ 11,637 വോട്ടിനാണ് വി.കെ ശ്രീകണ്‌ഠൻ തോൽപ്പിച്ചത്.