തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റിൽ യു.ഡി.എഫ് വിജയിക്കുകയും ആലപ്പുഴ മണ്ഡലത്തിൽ മാത്രം പരാജയപ്പെടുകയും ചെയ്ത സാഹചര്യം നേതൃത്വം പരിശോധിക്കുമെന്ന് ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ഷാനിമോൾ ഉസ്മാൻ പറഞ്ഞു. താൻ മാത്രം തോറ്റത് വ്യക്തിപരമായ തോൽവിയായി കാണുന്നുവെന്നും ഷാനിമോൾ വ്യക്തമാക്കി. മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിലും യു.ഡി.എഫ് മുന്നിട്ടു നിന്നിട്ടും, രണ്ടെണ്ണത്തിൽ പിറകോട്ട് പോയതാണ് ഷാനിമോളുടെ പരാജയത്തിന് കാരണമായത്.
കെ.സി വേണുഗോപാൽ ദേശീയ തലത്തിലെ തിരക്കുകൾ മാറ്റി വച്ചും തനിക്ക് വേണ്ടി പ്രചാരണത്തിനെത്തിയെന്നും എല്ലാം നേതൃത്വം പരിശോധിക്കട്ടെയെന്നും ഷാനിമോൾ പ്രതികരിച്ചു. പ്രവർത്തനത്തിൽ ഒരു പിഴവും വന്നതായി തനിക്ക് കാണാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു. വൈകി വന്നിട്ടും ഇത്ര വോട്ട് നേടാൻ കഴിഞ്ഞത് പ്രവർത്തനം കൊണ്ടാണെന്നും ഇനിയുള്ള സ്ഥാനാർത്ഥിത്വമെല്ലാം പാർട്ടി തീരുമാനിക്കട്ടെ എന്നും ഷാനിമോൾ കൂട്ടിച്ചേർത്തു. 9,213 വോട്ടുകളുടെ ഭൂരിപക്ഷമാണ് എ.എം ആരിഫിന് ലഭിച്ചത്.