തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തഞ്ചാം പിറന്നാൾ. ഔദ്യോഗിക രേഖകളിൽ അദ്ദേഹത്തിന്റെ ജന്മദിനം 1944 മാർച്ച് 21നാണ്. എന്നാൽ മേയ് 24നാണ് താൻ ജനിച്ചതെന്ന് 2016ൽ സത്യപ്രതിജ്ഞയെപ്പറ്റി അറിയിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. കൂടാതെ അന്നത്തെ തിരഞ്ഞെടുപ്പ് വിജയവും പിറന്നാളും ഒരുമിച്ച് കൊണ്ടാടുകയും ചെയ്തിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപരമായും വ്യക്തിപരമായും കനത്ത തിരിച്ചടികൾ നേരിടേണ്ടിവന്നതിന് തൊട്ടടുത്ത ദിവസത്തെ ഈ പിറന്നാൾ മുഖ്യമന്ത്രിയെ സംബന്ധിച്ച് അത്ര സുഖകരമല്ല.കേരളത്തിൽ 20ൽ 19 സീറ്റും യു.ഡി.എഫ് സ്വന്തമാക്കിയപ്പോൾ ഒരു സീറ്റ് മാത്രമാണ് എൽ.ഡി.എഫിന് ലഭിച്ചത്. ഈ ദയനീയ പരാജയത്തിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന രീതിയിൽ അക്ഷേപങ്ങളും സമൂഹമാദ്ധ്യമങ്ങൾ വഴി ഉണ്ടായിരുന്നു.
അതേസമയം 349 സീറ്റുമായി വീണ്ടും അധികാരത്തിലേക്ക് വരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും എൻ.ഡി.എ സർക്കാരിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്തിൻറെയും രാജ്യത്തിൻറെയും ഉത്തമ താൽപര്യത്തിനു വേണ്ടി അർത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായി പിണറായി വിജയൻ പറഞ്ഞു.