കണ്ണൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ തോൽവി ഇടതുപക്ഷ വിരുദ്ധ തരംഗത്തിന്റെ ഭാഗമായല്ലെന്ന് സി.പി.എം വടകര മണ്ഡലം സ്ഥാനാർത്ഥി പി.ജയരാജൻ. മോദി പേടി പ്രയോജനപ്പെടുത്തി ന്യൂനപക്ഷങ്ങൾക്കിടയിൽ മുസ്ലീം ലീഗും ജമാഅത്ത് ഇസ്ലാമിയും എസ്.ഡി.പി.ഐയും നടത്തിയ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് പ്രതീക്ഷിച്ച വോട്ടുകൾ ഇടതുപക്ഷത്തിന് ലഭിക്കാതിരുന്നതെന്ന് ജയരാജൻ പറഞ്ഞു. ബൂത്ത് തലത്തിൽ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജയരാജൻ.
കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ വരുന്നത് തടയാനായി കോൺഗ്രസിന് വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന് മുസ്ലീം ന്യൂനപക്ഷങ്ങൾക്കിടയിൽ ഒരു വ്യാമോഹമുണ്ടായി. ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസിനെ കൊണ്ട് സാധിക്കുമെന്ന് ചില മതമൗലികവാദികൾ തെറ്റായി പ്രചരിപ്പിക്കുകയുണ്ടായി. യഥാർത്ഥത്തിൽ കേരളത്തിലെ മതനിരപേക്ഷ ശക്തികൾക്ക് നേതൃത്വം കൊടുക്കുന്നത് ഇടതുപക്ഷം പ്രസ്ഥാനങ്ങളാണ്. ഈ വിഷയമാണ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിൽ മുന്നോട്ടുവച്ച ത്. പക്ഷേ അത് വിശ്വാസത്തിലെടുക്കാൻ ചില വിഭാഗം തയ്യാറായില്ല- ജയരാജൻ പറഞ്ഞു.
വടകര ലോക്സഭ മണ്ഡലത്തിൽ 2014ലെ തിരഞ്ഞെടുപ്പിനേക്കാൽ 30000 വോട്ടുകൾ ഇപ്രാവശ്യം വർദ്ധിച്ച് ലഭിക്കുകയുണ്ടായി. ആ വർദ്ധനവ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.