ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുകയാണ്. അഞ്ചുവർഷം കൊണ്ട് നടപ്പാക്കേണ്ട വാഗ്ദാനങ്ങളിൽ ഭൂരിപക്ഷവും നിറവേറ്റി, പ്രളയാനന്തര പുതുകേരളത്തിന്റെ നിർമ്മാണത്തിനായി നീങ്ങുന്ന വേളയിലാണ് സർക്കാരിന്റെ മൂന്നാം വാർഷികം എത്തുന്നത്. രാജ്യത്തിനുതന്നെ മാതൃകയാകുംവിധമുള്ള ഒട്ടേറെ പദ്ധതികൾ ഇക്കാലയളവിൽ ആവിഷ്‌കരിക്കാനും നടപ്പിലാക്കാനും കഴിഞ്ഞുവെന്നതിന്റെ ചാരിതാർത്ഥ്യത്തോടെയാണ് ഈ സർക്കാർ നാലാംവർഷത്തിലേക്ക് കടക്കുന്നത്.
കേരളത്തിന്റെ ചരിത്രത്തിൽ ഈ മൂന്നുവർഷങ്ങൾ പലതുകൊണ്ടും ശ്രദ്ധേയമായി. വർഗീയ കലാപങ്ങളില്ലാത്ത, ക്രമസമാധാന പ്രശ്നങ്ങളില്ലാത്ത, പൊലീസ് വെടിവയ്പും കൊലപാതകങ്ങളുമില്ലാത്ത, ശാന്തിയുടെ, സഹവർത്തിത്വത്തിന്റെ വർഷങ്ങൾ. പരമ്പരാഗത സങ്കല്പങ്ങൾ വിട്ട് വിഭവസമാഹരണ കാര്യത്തിൽ മൗലികവും പുതുമയുള്ളതുമായ വഴികൾ - കിഫ്ബി പോലുള്ളവയിലൂടെ - തേടുകയും വിജയിക്കുകയും ചെയ്ത വർഷങ്ങൾ.
ക്രമസമാധാനപാലനം, അഴിമതി നിർമാർജനം, ആരോഗ്യ പരിപാലനം തുടങ്ങിയ വിവിധ മണ്ഡലങ്ങളിൽ തുടർച്ചയായ വർഷങ്ങളിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് എന്ന് വിവിധങ്ങളായ ഏജൻസികളാൽ വിലയിരുത്തപ്പെട്ട വർഷങ്ങൾ. ലോകത്തിന്റെ പല ഭാഗത്തുമുള്ള മലയാളിസമൂഹത്തിന്റെ പണം മാത്രമല്ല, ജീനിയസ് കൂടി കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമ ഐശ്വര്യങ്ങൾക്കും വേണ്ടി ഉപയുക്തമാക്കാൻ പോരുമാറ് ലോക കേരളസഭ എന്ന സംവിധാനം നിലവിൽക്കൊണ്ടുവന്ന ഘട്ടം. കേരളത്തിന്റെ വികസനത്തിൽ ഇഷ്ടമുള്ള മേഖലകളിൽ ഭാഗഭാക്കാവാനും തങ്ങളുടെ കൂടി സംഭാവന
ഉപയോഗിച്ച് കേരളം വളരുന്നത് നിക്ഷേപത്തുകയ്ക്കുള്ള സർക്കാർ ഗാരന്റിയോടെ നോക്കിക്കാണാനും പ്രവാസി സമൂഹത്തിന് അവസരം നൽകിയ ഘട്ടം. ബഡ്ജറ്റ് എന്ന പരമ്പരാഗത ചട്ടക്കൂടിനു പുറത്തേക്കു കടന്ന് വിഭവസമാഹരണം നടത്താനും അത് അടിസ്ഥാനവികസന സൗകര്യങ്ങളുടെ വികസനത്തിനായി വിനിയോഗിക്കാനും കഴിയുമെന്നു കണ്ടെത്തുകയും ലക്ഷ്യത്തെ അതിശയിക്കും വിധം അതു വിജയിപ്പിക്കുകയും ചെയ്ത ഘട്ടം.
ലണ്ടൻ സ്‌റ്റോക്ക് എക്സ്‌ചേഞ്ചിൽ വരെ കേരളത്തിന്റെ പേര് മുഴങ്ങുകയും അതിലൂടെ കേരളത്തിന്റെ വികസനത്തിന്റെ പുതിയ മുഖം വർദ്ധിച്ച വിശ്വാസ്യതയോടെ ലോകശ്രദ്ധയിൽ കൊണ്ടുവരാൻ കഴിയുകയും ചെയ്ത ഘട്ടം. മുമ്പത്തേതിനെക്കാൾ മെച്ചപ്പെട്ട കേരളത്തെ സൃഷ്ടിക്കാൻ അർപ്പണബോധത്തോടെയുള്ള കർമപദ്ധതികൾ ആവിഷ്‌കരിച്ചു മുമ്പോട്ടുപോവുകയും
ചെയ്തത് ഈ ഘട്ടത്തിലാണ്. പൊതുവിദ്യാലയങ്ങളിലുള്ള വിശ്വാസം വീണ്ടെടുത്ത് സമൂഹത്തിന് അവയെ സ്വീകാര്യമാക്കി. തകർച്ചയിലായ പൊതുമേഖലാസ്ഥാപനങ്ങളെ ശാക്തീകരിച്ചും നവീകരിച്ചും ലാഭത്തിലാക്കി.
നിയമപരിപാലനത്തിനും നീതിവാഴ്ചയ്ക്കും മേലെയല്ല പണവും അധികാരവും സ്വാധീനങ്ങളും എന്നു ബോദ്ധ്യപ്പെടുത്തിക്കൊണ്ട്, നിയമം അറച്ചുനിൽക്കുമെന്നു പലരും കരുതിയ ഘട്ടത്തിൽ മുഖം നോക്കാത്ത നടപടികളുണ്ടായത് ഈ ഘട്ടത്തിലാണ്. തെളിയാക്കേസുകൾ പലതും തെളിയിച്ചത് ഈ ഘട്ടത്തിലാണ്. സൈബർ തട്ടിപ്പ് കേസ് പ്രതികളെ ആഫ്രിക്കൻ നാടുകളിലടക്കം ചെന്ന് അറസ്റ്റ് ചെയ്തു കൊണ്ടുവന്ന് ചരിത്രം സൃഷ്ടിച്ചതും ഈ ഘട്ടത്തിലാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ ലക്ഷക്കണക്കിനു പുതിയ കുട്ടികൾ വീണ്ടും സർക്കാർ സ്‌കൂളുകളിൽ പ്രതീക്ഷയർപ്പിച്ചെത്തുന്നതു കണ്ടു. മാറ്റങ്ങൾ സർവതലസ്പർശിയായി. അഭിമാനിക്കാൻ പോരുന്നതായി.
കേരള പുനർനിർമാണത്തിലേക്കും സമഗ്ര വികസനത്തിലേക്കും ആധുനികവത്‌കരണത്തിലേക്കും നാം
കടക്കുകയായി. ഉയർന്ന നിരക്കിലുള്ള ക്ഷേമ പെൻഷനുകൾ മുടക്കം കൂടാതെ നൽകിയും ഭൂമിയില്ലാത്തവർക്ക് പട്ടയം നൽകിയും ദളിത് പിന്നാക്കാദി ജനവിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഉറപ്പുവരുത്തിയും മുഴുവൻ ജനങ്ങൾക്കും നീതിയും ക്ഷേമവും ഉറപ്പാക്കാൻ ഇക്കാലയളവിൽ സാധിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്ര സഭയും നിതി ആയോഗും ചേർന്ന് തയ്യാറാക്കിയ സുസ്ഥിര വികസന ലക്ഷ്യ സൂചികയിലും കേരളം ഒന്നാം സ്ഥാനത്താണ്. ദാരിദ്ര്യ നിർമ്മാർജനം, ക്രമസമാധാനപാലനം, നീതിനിർവഹണം തുടങ്ങിയ മേഖലകളിൽ രാജ്യത്തെ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളവും ഉൾപ്പെട്ടിട്ടുള്ളത്. പല കാര്യങ്ങളിലും രാജ്യത്തിനു തന്നെ മാതൃകയാകുംവിധമുള്ള പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ സർക്കാർ നടത്തിയത്.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതിദുരന്തം, സാമൂഹ്യക്ഷേമ മേഖലകളെ കൈയൊഴിയാൻ നിർബന്ധിക്കുന്ന കേന്ദ്ര സാമ്പത്തിക നയം, സംസ്ഥാന താത്പര്യങ്ങളോട് അവഗണനകാട്ടുന്ന കേന്ദ്ര സമീപനങ്ങൾ, നോട്ടു നിരോധനം, പ്രകൃതിദുരന്തത്തിന് അർഹമായ സഹായം നിഷേധിക്കൽ, സംസ്ഥാനത്തിന്റെ ന്യായമായ അവകാശങ്ങൾ നിരാകരിക്കൽ തുടങ്ങിയ ഒട്ടേറെ വെല്ലുവിളികൾക്കിടയിലും അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ആശ്വാസം പകരുന്ന ഒട്ടേറെ പദ്ധതികൾക്ക് തുടക്കം കുറിക്കാനായി.
. പൊലീസ് സേനയിൽ ചരിത്രത്തിലാദ്യമായി ആദിവാസികൾക്ക് മാത്രമായി പ്രത്യേക
ബാച്ച് രൂപീകരിച്ചു. വനിതാ പൊലീസ് ബറ്റാലിയൻ ആരംഭിച്ചു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 200 പേർക്ക് തീരദേശസേനയിൽ നിയമനം നൽകാൻ നടപടി സ്വീകരിച്ചു.
കേരളത്തെ നിക്ഷേപ സൗഹൃദമാക്കാനും വ്യവസായ സംരംഭകർക്ക് ലൈസൻസുകളും ക്ലിയറൻസുകളും വേഗത്തിൽ ലഭ്യമാക്കുന്നതിന് ഈസ് ഒഫ് ഡുയിംഗ് ബിസിനസ് നടപ്പിലാക്കാനും ഇക്കാലയളവിൽ സാധിച്ചു. പതിന്നാല് വകുപ്പുകളുടെ 29 സേവനങ്ങൾ ലഭ്യമാകത്തക്കവിധത്തിൽ കെ-സ്വിഫ്റ്റ് എന്ന ഓൺലൈൻ ക്ലിയറൻസ് സംവിധാനം ഏർപ്പെടുത്തി. പുതിയ വ്യവസായ സംരംഭങ്ങൾക്ക് അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനകം അനുമതി ലഭിച്ചില്ലെങ്കിൽ കൽപ്പിത അനുമതി ലഭ്യമാക്കാനും തീരുമാനിച്ചു.
സമാനതകളില്ലാത്ത ഇത്തരം പ്രവർത്തനങ്ങൾക്കിടയിൽ പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും പ്രതിസന്ധികളിൽ തളരാത്തവണ്ണം കേരള സമൂഹത്തിന് ഒറ്റക്കെട്ടായി നിൽക്കാനും കഴിഞ്ഞുവെന്നതാണ് കഴിഞ്ഞ മൂന്നു വർഷത്തെ നമ്മുടെ ഏറ്റവും വലിയ നേട്ടം. പ്രളയം തകർത്തെറിഞ്ഞ കേരളത്തിന്റെ പുനർനിർമാണം എന്ന അതിബൃഹത്തായ കടമ പൂർണതോതിൽ പൂർത്തിയാക്കാൻ രണ്ടു മുതൽ മൂന്നുവർഷം വരെ വേണ്ടിവരും. അതിനായി ആസൂത്രണത്തിനും നിർമ്മാണത്തിനും വേഗതയും കാര്യക്ഷമതയും ഉൾക്കൊള്ളുന്ന പുനർനിർമ്മാണ പദ്ധതിയുമായാണ് നാം മുന്നോട്ടു നീങ്ങുന്നത്. ദുരന്തത്തെ അതിജീവിക്കാൻ പറ്റുന്നവിധം ആസ്തികളും ജീവനോപാധികളും സംരക്ഷിക്കാൻ കഴിയുന്ന വിധമാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്.
പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് 36,000 കോടി രൂപ ആവശ്യമുണ്ടെന്നാണ് യു.എൻ ഏജൻസികളുടെ കണക്ക്. ഈ പണം ആഭ്യന്തരമായി സ്വരൂപിക്കുക കേരളത്തെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമല്ല. ഇത് സാദ്ധ്യമാക്കുന്നതിനായി വിവിധതരത്തിലുള്ള വിഭവസമാഹരണ രീതികൾ സർക്കാർ ആവിഷ്‌കരിച്ചുവരികയാണ്. ദുരന്ത സമയത്തെ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസപ്രവർത്തനങ്ങളിലുമെല്ലാം തുറന്ന മനസോടെ കൈകോർത്തവരാണ് നമ്മൾ. അനുകരണീയമായ ഈ ഒരുമയും പരാജിതരാകാൻ നിന്നുകൊടുക്കാത്ത നമ്മുടെ മനോഭാവവുമാണ് പുനർനിർമ്മാണ ഘട്ടത്തിലും കേരളത്തിന് മുതൽക്കൂട്ടാകാൻ പോകുന്നത്. ഈ ഐക്യമാണ് പുനർനിർമാണത്തിലൂടെയുള്ള നവകേരള നിർമിതിയിൽ സർക്കാരിന് കരുത്ത് പകരുന്നത്.