narendra-modi

ന്യൂഡൽഹി: ശത്രുവിന്റെ ശത്രു മിത്രമെന്നല്ലേ? കാലാകാലങ്ങളായുള്ള ഈ തത്വത്തെ മുറുകെ പിടിച്ചുകൊണ്ടാണ് നരേന്ദ്ര മോദി എന്ന രാഷ്‌ട്രീയ അതികായനെ തറപറ്റിക്കാൻ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം കൈചേർത്തു പിടിച്ചത്. അന്നാളുവരെയും, വിദ്വേഷത്തിന്റെയും വിരോധത്തിന്റെ തീ ജ്വാലകൾ പരസ്‌പരം എയ്‌തിരുന്നവർ ഒത്തുചേർന്നുവെങ്കിൽ മോദിയെ എത്രമാത്രമാണ് കോൺഗ്രസും, മായാവതിയും, അഖിലേഷും, മമതാ ബാനർജിയുമെല്ലാം ഭയപ്പെട്ടിരുന്നതെന്ന് ലളിതമായി മനസിലാക്കാം. എന്നിട്ടും അമിത് ഷായുടെ തേരാളിയാക്കി നരേന്ദ്ര മോദി യുദ്ധം നയിച്ചപ്പോൾ എല്ലാ മഹാഗഡ്‌ബന്ധനുകളും നിഷ്‌പ്രഭമാകുകയായിരുന്നു.

2014ൽ ബി.ജെ.പി അധികാരത്തിൽ വരുമ്പോൾ മോദി തരംഗം എന്ന ഘടകം രാജ്യത്ത് പ്രകടമായിരുന്നു. അഞ്ച് വർഷങ്ങൾ പിന്നിടുമ്പോഴും ആ തരംഗത്തിന് അൽപം പോലും മങ്ങലേറ്റിട്ടില്ലെന്ന് മാത്രമല്ല കൂടുതൽ തിളക്കത്തോടെ മോദി അധികാരത്തിലേറുന്ന കാഴ്‌ചയാണ് കാണുന്നത്. അരയും തലയും മുറിക്കി ഇറങ്ങിയിട്ടും നരേന്ദ്രമോദിയെ തറപറ്റിക്കാൻ എന്തുകൊണ്ട് പ്രതിപക്ഷ ഐക്യത്തിന് കഴിയുന്നില്ല. ഒറ്റവാക്കിൽ പറയാൻ കഴിയുന്നതല്ല ഉത്തരം. ഘടകങ്ങൾ നിരവധിയാണ്.

ദേശസുരക്ഷ

ജാതീയത കഴിഞ്ഞാൽ മനുഷ്യനെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്ന് ദേശീയതയാണ്. അതിർത്തിക്കപ്പുറത്തുനിന്ന് ദേശത്തിന്റെ സുരക്ഷ ചോദ്യം ചെയ്യപ്പെടമ്പോൾ പട്ടിണിപോലും മറന്ന് ജനങ്ങൾ അതിനെതിരെ ഒന്നിക്കും. അത് ഇന്ത്യയിലെന്നല്ല എവിടെയും അങ്ങനെ തന്നെയാണ്. പാകിസ്ഥാന്റെ അതിർത്തി കടന്ന് ഇന്ത്യൻ യുദ്ധവിമാനങ്ങൾ ബാലാകോട്ട് ബോംബിട്ട നിമിഷം തന്നെ ഇന്ത്യയുടെ ഹിന്ദി ഹൃദയ ഭൂമി മോദി കവർന്നു. ഉത്തരേന്ത്യയിൽ, പ്രത്യേകിച്ചും രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ സാധാരണ കുടുംബങ്ങളിൽ നിന്ന് ഒരംഗമെങ്കിലും കരസേനയിൽ ജവാനായിരിക്കും. ദേശീയ സുരക്ഷ അവർക്ക് അവരുടെ മക്കളുടെ സംരക്ഷണമാണ്. ഹിന്ദി ഹൃദയഭൂമി പിടിച്ചടക്കുന്നവർക്കേ ഇന്ത്യ ഭരിക്കാൻ കഴിയൂ. അത് തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പുതന്നെ മോദി ഉറപ്പാക്കി. ഇത് മോദി സ്വയം സൃഷ്‌ടിച്ചതല്ല. വന്നു വീണ അവസരമാണ്.


അവസരം
ലക്ഷ്യബോധം, ആസൂത്രണം, കഠിന പ്രയത്നം എന്നിവയോടൊപ്പം അവസരം കൂടി അനുകൂലമായാൽ മാത്രമേ ആർക്കും വിജയിക്കാനാവൂ. അങ്ങനെ വന്നു വീഴുന്ന അവസരത്തെ ഭാഗ്യമെന്നോ ഈശ്വരാധീനമെന്നോ വിധിയെന്നോ അവരവരുടെ തലത്തിൽ എങ്ങനെ വേണമെങ്കിലും വിശേഷിപ്പിക്കാം. മുംബയിൽ പത്തിരുന്നൂറ് പേരെ തെരുവിൽ പട്ടിയെപ്പോലെ വെടിവച്ചിട്ടതിന്റെ തെളിവുമായി പാകിസ്ഥാനിലേക്കും അമേരിക്കയിലേക്കും വിമാനത്തിൽ സുഖസഞ്ചാരം നടത്തിയവരാണ് ബലാകോട്ട് ആക്രമണത്തിന്റെ പേരിൽ മോദിയെ പരിഹസിച്ചത് എന്നത് അടിവരയിട്ട് ഓർമ്മിക്കേണ്ട വസ്തുതയാണ്. അവസരം പാഴാക്കുന്നവരെ സേനാ നായകരായി ജനം അംഗീകരിക്കില്ല.


അഴിമതിരഹിതം
കഴിഞ്ഞ അഞ്ച് വർഷത്തെ അഴിമതിരഹിത കേന്ദ്ര ഭരണമാണ് ജനം കണക്കിലെടുത്ത മറ്റൊരു കാര്യം. എത്ര കേന്ദ്ര മന്ത്രിമാർക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. ആകെ പറഞ്ഞത് റാഫേലിന്റെ കാര്യമാണ്. കരാറിന്റെ തുടക്കം യു.പി.എയുടെ കാലത്താണ്. ചുട്ടയിലെ ശീലം ചുടലവരെ എന്ന പഴമൊഴി പ്രകാരം അതിൽ കുഴപ്പങ്ങൾ കാണാം. പക്ഷേ, അതും വിശ്വസനീയമായി ബോദ്ധ്യപ്പെടുത്താനായില്ല. അംബാനിയെ സഹായിക്കാനെന്ന മട്ടിൽ പുകമറ സൃഷ്ടിക്കാനായി. പക്ഷേ, അംബാനിമാരെ സഹായിക്കാത്ത ആരാണ് ഇവിടെ ഉള്ളത്. ബോഫോഴ്സിന്റെ തറയിൽ നിന്നുകൊണ്ട് റാഫേലിനെ പറഞ്ഞാൽ വിറ്റപോകില്ല.

പറയേണ്ടത് പറഞ്ഞില്ല
മോദിയുടെ ഭരണത്തെ വിമർശിക്കാൻ നിരവധി വസ്തുതകൾ ഉണ്ടായിരുന്നു. തകർന്ന കാർഷിക രംഗം, കുതിച്ചുയർന്ന തൊഴിലില്ലായ്മ, പെട്രോൾ, ഡീസൽ വർദ്ധനവ്, സാമ്പത്തിക രംഗത്തിന്റെ മന്ദത തുടങ്ങി ഒട്ടേറെ കാര്യങ്ങൾ. പക്ഷേ, രാഹുൽഗാന്ധി വാ തുറക്കുന്നത് മോദിയെ വ്യക്തിപരമായി ആക്രമിക്കാൻ മാത്രമായിരുന്നു. പ്രതിപക്ഷ പ്രമുഖരും ഇതേറ്റു പിടിച്ചു. ഇത് ഏറ്റവും ഗുണം ചെയ്തത് മോദിക്കാണ്.

കാവൽക്കാരൻ

ചായക്കടക്കാരൻ എന്ന് വിളിച്ചതിലൂടെ ആദ്യം പ്രധാനമന്ത്രിയാക്കി. കാവൽക്കാരൻ എന്ന് വിളിച്ച് രണ്ടാമത് പ്രധാനമന്ത്രിയാക്കി. ഇനി അടുത്തവട്ടം ഇവർ എന്താണാവോ വിളിക്കാൻ പോകുന്നത്? ഈ വിശേഷണങ്ങളൊക്കെ സാധാരണക്കാരെ പരിഹസിക്കുന്ന ജമീന്ദാർമാരുടെ ഭാഷയാണ്. കർഷകനും ചായക്കടക്കാരനും കാവൽക്കാരനും സാധാരണക്കാരനായ ഉത്തമനുമൊക്കെ അടങ്ങിയതാണ് യഥാർത്ഥ ഇന്ത്യ. അവരെ പരിഹസിച്ചിട്ട് ഇന്ത്യ ഭരിക്കാൻ ആർക്ക് കഴിയും.

സർക്കാരും നയങ്ങളും

ജി.എസ്.ടി, നോട്ടുനിരോധനം, സാമ്പത്തിക തളർച്ച, തൊഴിലില്ലായ്‌മ, ന്യൂനപക്ഷ പീഡനം, റാഫേൽ അഴിമതി തുടങ്ങിയ പ്രതിപക്ഷ ആരോപണങ്ങളെയെല്ലാം പത്താൻകോട്ട്, ഉറി ഭീകരവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ മിന്നലാക്രമണം നടത്തിയ വിവരം പുറത്തുവിട്ട് ജനവികാരത്തെ തനിക്കനുകൂലമാക്കി മാറ്റാൻ മോദിക്ക് കഴിഞ്ഞു.

ലോകവേദികളിൽ നിരന്തരം പ്രത്യക്ഷപ്പെട്ട് സാന്നിധ്യം അറിയിക്കുന്നതിൽ മോദി എപ്പോഴും ശ്രദ്ധാലുവായിരുന്നു. ലോകനേതാക്കൾക്കൊപ്പം വേദികൾ പങ്കിട്ടും വിദേശരാജ്യങ്ങളിൽ ഇന്ത്യൻ സമൂഹത്തെ വൻതോതിൽ അഭിസംബോധന ചെയ്‌തും മോദി അന്താരാഷ്ട്രതലത്തിൽ ഇന്ത്യൻ മുഖമായി നിറഞ്ഞു നിന്നു.

പ്രസംഗപാടവം

നീണ്ട പ്രഭാഷണങ്ങളും അഭിപ്രായ പ്രകടനങ്ങളും കൊണ്ട് ജനങ്ങളിലേക്ക് കടന്നു കയറാനുള്ള മോദിയുടെ പാടവം പരക്കെ അംഗീകരിക്കപെട്ടതാണ്. കൃത്യമായ പ്രചരണ സംവിധാനവും മോദി ഇതിനായി ഉപയോഗിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗുമായുള്ള താരതമ്യത്തിൽ മോദിയുടെ തട്ട് താഴ്‌ന്നു തന്നെയിരുന്നു.