kalesh

ആലത്തൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ മികച്ച വിജയം നേടിയ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ അഭിനന്ദിച്ച് കവി എസ്. കലേഷ്. രാഹുലിനെക്കാൾ മികച്ച ഫൈറ്ററാണ് രമ്യയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പിന്നോട്ടു പായിക്കാനൊരുങ്ങുന്നവരുടെ മുൻപിൽ നിങ്ങളുടെ പ്രാതിനിധ്യവും ഇടപെടലും രൂപപ്പെടുത്തുന്ന ഒരു പുതിയ രാഷ്ട്രീയം എങ്ങനെയാകുമെന്ന് ഉറ്റുനോക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു. 158968 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യ ജയിച്ചു കയറിയത്.


എസ്. കലേഷും രമ്യ ഹരിദാസും തമ്മിൽ ഒരു സാമ്യതയുണ്ട്. ഇരുവരെയും കേരളത്തിന് സുപരിചിതരാക്കിയതിൽ മുഖ്യപങ്കുവഹിച്ചത് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്താണ്.ദീപ നിശാന്ത് തന്റെ കവിത മോഷ്ടിച്ചതായി ആരോപിച്ച് കൊണ്ട് തെളിവ് സഹിതം ഫേസ്ബുക്കിലൂടെ രംഗത്ത് വന്നതോടെയയാണ് യുവകവി എസ്. കലേഷ് ശ്രദ്ധേയനാകുന്നത്. രമ്യ ഹരിദാസിന്റെ പ്രചാരണ രീതിയെ പരിഹസിച്ച് ദീപ നിശാന്ത് രംഗത്തെത്തിയതോടെയാണ് രമ്യയും ജനഹൃദയങ്ങളിൽ കയറിക്കൂടിയത്.

കലേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

'രമ്യാ ഹരിദാസ്, നിങ്ങൾ ചരിത്രമാണ്. ദാക്ഷായണി വേലായുധൻ അംഗമായിരുന്ന ഭരണഘടനാ നിർമ്മാണസഭയിൽ നിന്ന് മുന്നോട്ടോടിയ കാലം, പിന്നോട്ടുപായിക്കാനൊരുങ്ങുന്നവരുടെ മുൻപിൽ നിങ്ങളുടെ പ്രാതിനിധ്യവും ഇടപെടലും രൂപപ്പെടുത്തുന്ന ഒരു പുതിയ രാഷ്ട്രീയം എങ്ങനെയാകുമെന്ന് ഉറ്റുനോക്കുന്നു. ഇവിടെ ജയിച്ചുവന്നവരിൽ നിങ്ങളാണ് രാഹുൽ ഗാന്ധിയെക്കാൾ മികച്ച ഫൈറ്റർ. സല്യൂട്ട് ബ്രോ'