k-surendran

പൂഞ്ഞാർ: പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രനെ ബി.ജെ.പി നേതാക്കൾ കാലുവാരിയതാണെന്ന ആരോപണവുമായി ജനപക്ഷം നേതാവും എം.എൽ.എയുമായ പി.സി ജോർജ് രംഗത്ത്. സുരേന്ദ്രന്റെ കൂടെനടന്ന ന്യൂനപക്ഷ മോർച്ച നേതാക്കൾ യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും പി.സി ജോർജ് വെളിപ്പെടുത്തി.

സുരേന്ദ്രനൊപ്പം നടക്കുന്ന ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് എപ്പോഴും ഫോണിൽ സംസാരിക്കുമ്പോൾ അയാൾ ആവശ്യപ്പെടുന്നത് ആന്റോ ആന്റണിക്ക് വോട്ട് ചെയ്യണമെന്നാണ്. അയാളുടെ മകനോടും മകളോടും വിദേശത്തുനിന്ന് വരാൻ പറഞ്ഞിട്ടുണ്ട്. അവർ വന്നുകഴിഞ്ഞാൽ ആന്റോ ആന്റണിക്ക് വോട്ട് ചെയ്യാൻ പറയുമെന്ന് പറഞ്ഞതായും പി.സി ജോർജ് വ്യക്തമാക്കി. ഇത്തരത്തിൽ സുരേന്ദ്രനൊപ്പമുള്ള 10 നേതാക്കളുടെ ഫോൺവിളിയുടെ ശബ്ദരേഖ കൈവശമുണ്ടെന്നും അത് ഉടൻ പുറത്തുവിടുമെന്നും പി.സി ജോർജ് അറിയിച്ചു. പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും തോൽവി ബി.ജെ.പി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം,​ കെ.സുരേന്ദ്രന്റെ പരാജയം പി.സി.ജോർജിന് തിരിച്ചടിയാവും. ന്യൂനപക്ഷ വോട്ടർമാരെ ഒപ്പം കൂട്ടാമെന്ന പ്രതീക്ഷയിൽ ജോർജിന് മുന്നണിയിൽ പ്രവേശനം നല്കിയ ബി.ജെ.പി അതൃപ്തിയിലാണ്. സുരേന്ദ്രൻ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ പത്തനംതിട്ടയിൽ ജയിക്കുമെന്നും ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നുമായിരുന്നു ജനപക്ഷം നേതാവ് പി.സി.ജോ‌ർജിന്റെ അവകാശവാദം. എന്നാൽ സുരേന്ദ്രൻ തോറ്റു എന്നുമാത്രമല്ല, മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെടുകയും ചെയ്തു. ഇതാണ് പി.സി.ജോർജിന് തിരിച്ചടിയായിരിക്കുന്നത്.

44,243 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിലെ ആന്റോ ആന്റണി വിജയക്കൊടി പാറിച്ചത്. വരാനിരിക്കുന്ന പാലാ നിയമസഭാ മണ്ഡലത്തിൽ മകൻ ഷോൺ ജോർജിന് എൻ.ഡി.എ ടിക്കറ്റ് നല്കണമെന്നാവശ്യപ്പെട്ട പി.സി.ജോർജിന് ഇത് തിരിച്ചടിയായി. പാലായിൽ ഷോണിനെ സ്ഥാനാർത്ഥിയാക്കാനുള്ള അണിയറ നീക്കം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സുരേന്ദ്രന്റെ ദയനീയ പരാജയം.