the-gambler-movie

ജീവിതവിജയത്തെ പല രീതിയിൽ വ്യാഖാനിക്കാം. നല്ലൊരു കുടുംബജീവിതം, വിദ്യാഭ്യാസം, ജോലി, ബിസിനസ് അങ്ങനെ ഓരോ വ്യക്തികൾക്കും വിജയത്തിന് പല അർത്ഥങ്ങളുണ്ടാകും. കൈയ്യെത്താ ദൂരത്താണ് ലക്ഷ്യങ്ങൾ എങ്കിൽ അവ കൈപ്പിടിയിലൊതുക്കാൻ ചിലപ്പോൾ ചില ചുതാട്ടങ്ങൾക്ക് ഇറങ്ങേണ്ടി വരും. അത്തരം കഥകൾ നമ്മുടെ സമൂഹത്തിൽ സഹജമാണ്. ചിലർ ചൂതാട്ടം നടത്തി വിജയിക്കുമ്പോൾ മറ്റു ചിലർ വഴിമദ്ധ്യേ വീണുപോകുന്നു. ടോം ഇമ്മട്ടി സംവിധാനം ചെയ്ത് ആൻസൺ പോൾ നായകനായ 'ദ ഗാംബ്ളർ' ജീവിതത്തിൽ പല രീതിയിൽ സംഘർഷങ്ങൾ അനുഭവിക്കുമ്പോഴും അതൊക്കെ തരണം ചെയ്യാൻ ശ്രമിക്കുന്ന ഒരാളുടെ കഥയാണ്.

the-gambler-movie

ഗാംബ്ളിംഗ് അഥവാ ചൂതാട്ടം

ജീവിതത്തിൽ നല്ലൊരു ബിസിനസ്സുകാരനാകുക, പിന്നെയൊരു നല്ല അച്ഛനാകുക. ഇതൊക്കെയാണ് ആൻസണിന്റെ(ആൻസൺ പോൾ)ജീവിത ലക്ഷ്യങ്ങൾ. കാര്യങ്ങൾ എളുപ്പമല്ല അയാൾക്ക്. ബിസിനസ്സിൽ ഗതി പിടിക്കാത്ത ആൻസൺ ദൈനംദിന ചെലവുകൾക്ക് പോലും കഷ്ടപ്പെടുന്നുണ്ട്. ഒരു നല്ല അച്ഛൻ ആകാനുള്ള ശ്രമത്തിന് മറ്റുള്ള പ്രശ്നങ്ങൾ തടസ്സമാണ്. ഒരു പ്രശ്നം പരിഹരിക്കാനുള്ള ശ്രമം മറ്റൊരു തലവേദനക്ക് കാരണമാകുന്നു. സംഘർഷങ്ങളിൽ വലയുന്ന ആൻസൺ ഒരു പരാജയം ആണെന്ന് പറഞ്ഞ് ഭാര്യ പോകുമ്പോൾ അയാൾ കൂടുതൽ ഒറ്റപ്പെടുന്നു. പഠനത്തിൽ മോശമായ ഏഴു വയസുകാരനായ മകൻ ഫ്രാൻസിനെ സഹായിക്കുന്ന ആൻസണിൽ ഒരു അച്ഛനെന്ന നിലയിലെങ്കിലും ജയിക്കണമെന്ന വാശി കാണാം. ഏറെ നാളത്തെ പരിശ്രമത്തിന് ഒടുവിൽ ബിസിനസ്സിൽ ഒരു മികച്ച അവസരം അയാളെ തേടിയെത്തുന്നു. ഒരു തുടക്കക്കാരൻ എന്ന നിലയിൽ വളരെ വലിയ ഉത്തരവാദിത്തമാണ് ആൻസണും ബിസിനസ് പങ്കാളിയായ സുഹൃത്തിനും കൈവന്നിരിക്കുന്നത്. ജീവിതത്തിൽ ബിസിനസുകാരനായും അച്ഛനായും ലഭിക്കുന്ന വിജയത്തിന്റെ ഊഷ്മളത അകലെയല്ലെന്ന് തോന്നുന്ന സമയത്ത് ആൻസണിന് മുന്നിലേക്ക് പുതിയ തടസങ്ങൾ വന്നു വീഴുന്നു. എന്നാൽ തളരാൻ തയ്യാറാകാത്ത അയാൾ തന്റെ ലക്ഷ്യങ്ങളായ രണ്ട് റോളും ഭംഗിയാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇതിൽ എത്രത്തോളം ആൻസൺ വിജയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ബാക്കിപ്പത്രം. ജീവിതത്തിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ കുറിച്ചും ചിത്രം പറഞ്ഞു പോകുന്നുണ്ട്.

the-gambler-movie

സംഘർഷങ്ങൾ നിറഞ്ഞ നായക കഥാപാത്രത്തെ ആൻസൺ പോൾ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ഡയലോഗ് ഡെലിവറിയിലെ പാളിച്ചകൾ ചിലയിടത്ത് മുഴച്ചു നിൽക്കുമ്പോഴും അലോസരപ്പെടുത്താത്ത പ്രകടനമായിരുന്നു ആൻസൺ നടത്തിയത്. ഡയാന ഹമീദ്, ജോസഫ് അന്നംകുട്ടി ജോസ്, ഇന്നസെന്റ്, സിജോയ് വർഗീസ്, വിഷ്ണു ഗോവിന്ദൻ, സോഷ്യൽ മീഡിയയിലെ വീഡിയോകളിലൂടെ പരിചിതനായ വിനോദ് നാരായൺ, സലിം കുമാർ എന്നിവർ ശ്രദ്ദേയ പ്രകടനം നടത്തി.

പ്രകാശ് വേലായുധന്റെ കാമറ മികച്ചതാണ്. മകൻ അച്ഛനെ സുപ്പർഹിറോയായി സ്വപ്നം കാണുന്ന ഷോട്ടുകൾ എടുത്തുപറയേണ്ടവയാണ്.

the-gambler-movie


ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ സംവിധായകനായ അരങ്ങേറിയ ടോം ഇമ്മട്ടിയുടെ രണ്ടാം ചിത്രമാണ് 'ദ ഗാംബ്ളർ'. സംഘർഷങ്ങൾ നിറഞ്ഞ നായകന്റെ ജീവിതകഥ അതിന്റെ വികാരത്തികവോടെ പ്രേക്ഷകനിലെത്തിക്കാൻ സംവിധാകനായിട്ടില്ല. ചിത്രം ഇഴഞ്ഞു നീങ്ങുമ്പോൾ അതിന് ഊർജ്ജം നൽകുന്ന ഒരു സീൻ പോലും പറയാനില്ല. പേരിലെ ചൂതാട്ടം പോലെ അപ്രവചനീയവുമല്ല കഥ. ചുരുക്കത്തിൽ പൂർണതയില്ലാത്ത സിനിമയാണ് 'ദ ഗാംബ്ളർ'.

വാൽക്കഷണം: ചൂതാട്ടം റിസ്കാണ്
റേറ്റിംഗ്: 2.5/5