തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ആറ്റിങ്ങൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എ.സമ്പത്ത് പറഞ്ഞു. തനിക്ക് പ്രതീക്ഷിച്ചത്ര വോട്ടുകൾ കിട്ടാത്തതുകൊണ്ടും എതിരാളിക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ട് കിട്ടിയതുകൊണ്ടുമാണ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരും വിജയം ഉറപ്പിച്ചിരുന്ന സ്ഥാനാർത്ഥി ആയിരുന്നല്ലോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'ചില സുനാമിയും പ്രളയവും ചുഴലിയുമൊക്കെ വരുമ്പോൾ ആനപോലും പറന്നുപോകും, പിന്നെയല്ലേ ആട്ടിൻകുട്ടി?' എന്നായിരുന്നു സമ്പത്തിന്റെ മറുപടി.
'തനിക്ക് വോട്ട് രേഖപ്പെടുത്തിയവർക്കും തനിക്കായി പ്രവർത്തിച്ചവർക്കും വോട്ട് ചെയ്യാത്തവർക്കും എല്ലാം നന്ദി പറയുന്നു. വിജയിച്ച സ്ഥാനാർത്ഥി അടൂർ പ്രകാശിന് അഭിനന്ദനങ്ങൾ. തിരഞ്ഞെടുപ്പ് നന്നായി നടത്താൻ കഠിനപ്രയത്നം നടത്തിയ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് വാർത്തകൾ ജനങ്ങളിലെത്തിച്ച' മാദ്ധ്യമപ്രവർത്തകർക്കും എ.സമ്പത്ത് നന്ദി അറിയിച്ചു.
2004ൽ യു.ഡി.എഫിന് ഉണ്ടായ പരാജയം പോലെ ഇപ്പോൾ ഇടതുമുന്നണിയും തോറ്റു. 1977ൽ സമ്പൂർണ്ണ വിജയം നേടിയ കോൺഗ്രസ് മുന്നണിക്ക് അതിന് പിന്നാലെ എന്തുസംഭവിച്ചു എന്നുള്ളതും ചരിത്രമാണ്. തോൽവി കണക്കാക്കുന്നില്ലെന്നും ജനങ്ങൾക്കൊപ്പം ജനങ്ങൾക്കിടയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ തോറ്റു, അതുകൊണ്ട് തന്നെ സൂപ്പാക്കരുതെന്നും തന്നിൽ ഔഷധമൂല്യം ഇല്ല എന്നും സമ്പത്തിന്റെ തമാശ. സാധാരണക്കാരനായ ഒരു മനുഷ്യനാണ് താൻ. പാർട്ടി ഏൽപ്പിച്ച ചുമതലപ്രകാരം ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. പാർട്ടി ഭാവിയിൽ തരുന്ന ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കും. പ്രവർത്തരുടെ വോട്ടുകളൊന്നും ചോർന്നിട്ടില്ലെന്നും എ.സമ്പത്ത് വ്യക്തമാക്കി.