anto-antony

പത്തനംതിട്ട: എൻ.എസ്.എസിന്റെ നിലപാട് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തെന്ന് ആന്റോ ആന്റണി.ശബരിമലയിൽ വോട്ട് രാഷ്ട്രീയം കളിച്ചവർക്കൊപ്പം ജനങ്ങൾ നിന്നില്ലെന്നും ആന്റോ ആന്റണി പറഞ്ഞു. അതേസമയം ശബരിമലയുടെ പേരിൽ കുറച്ച് വോട്ടുകൾ നഷ്ടമായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.തിരഞ്ഞെടുപ്പിന് തൊട്ടുമുന്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ചുകൊണ്ട് എൻ.എസ്.എസ് രംഗത്തെത്തിയിരുന്നു.

ഈശ്വര വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്തില്ലെന്ന് എൻ.എസ്.എസ് മുഖപത്രത്തിലൂടെ ആരോപിച്ചിരുന്നു. വിശ്വാസത്തിന്റെ പേരിൽ വോട്ടു ചോദിക്കാൻ ആർക്കാണ് അവകാശമുള്ളതെന്ന് വിശ്വാസ സമൂഹം തീരുമാനിക്കുമെന്നും ലേഖനത്തിൽ പറ‌ഞ്ഞിരുന്നു.

ജനങ്ങള്‍ തികഞ്ഞ യാഥാര്‍ത്ഥ്യ ബോധത്തോടുകൂടിയാണ് ഈ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുകയന്നും ജനാധിപത്യത്തിന്റെ വിജയം ഉണ്ടാകുമെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി .സുകുമാരൻ നായർ മുന്പ് പറഞ്ഞിരുന്നു. പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ആന്റോ ആന്റണി 380089 വോട്ടുകൾ നേടിയാണ് വിജയിച്ചത്. എൽ.ഡി.എഫിന്റെ വീണ ജോ‌ർജും എൻ.ഡി.എയുടെ കെ സുരേന്ദ്രനുമായിരുന്നു ആന്റോ ആന്റണിയുടെ എതിരാളികൾ. വീണ ജോർജിനേക്കാൾ 44613 വോട്ടുകൾ അധികം നേടിയാണ് ആന്റോ ആന്റണി വിജയിച്ചത്.