കണ്ണൂർ: ഡബിൾ ബാരൽ ഗണ്ണിലെ വെടിയുണ്ടയുമായി വിശാഖപട്ടണം സ്വദേശിയെ കണ്ണൂർ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്‌തു. ഈസ്റ്റ് ഗോദാവരി സ്വദേശി മുകേഷ് മട്ടാലയാണ് (29) പിടിയിലായത്. കുവൈത്തിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ വ്യാഴാഴ്ച വൈകിട്ട് 3.55നാണ് മുകേഷെത്തിയത്. തുടർന്ന് 11ന് ഹൈദരാബാദിൽ പോകാനായിരുന്നു ലക്ഷ്യം. ഇതിനിടെ പുറത്തിറങ്ങിയ ശേഷം വീണ്ടും അകത്തുകയറാനുള്ള ശ്രമത്തിനിടെയുള്ള സ്‌കാനിംഗിനിടെയാണ് ഇയാളുടെ കൈയിൽ നിന്ന് വെടിയുണ്ട പിടികൂടിയത്. ഇത് ഈജിപ്റ്റുകാരനായ സുഹൃത്ത് നൽകിയതാണെന്നും കുട്ടികളെ കാണിക്കാൻ കൊണ്ടുവന്നതാണെന്നും നിയമപരമായ നൂലാമാലകൾ അറിയില്ലെന്നും ഇയാൾ പറഞ്ഞു.
ഇയാൾക്ക് സ്വന്തമായി ലൈസൻസോ തോക്കോ ഇല്ലെന്നാണ് പൊലീസ് നിഗമനം. 2020 വരെ വിസയുള്ള ഇയാൾ ലീവിന് വന്നതാണ്. 12 എം.എം കാറ്ററിഡ്‌ജ് ഇനത്തിലുള്ള വെടിയുണ്ടയാണ് പിടിച്ചെടുത്തത്. ആംസ് ആക്ട് പ്രകാരം ചുമത്തിയ കേസിൽ കോടതിയിൽ നിന്നേ ജാമ്യം കിട്ടൂ. ഒന്നര മാസം മുമ്പ് മറ്റൊരാളും സമാനമായ കേസിൽ റിമാൻഡിലായിരുന്നു.