bjp-

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ പതിനെട്ട് സീറ്റുകളിൽ വിജയിച്ച ബി.ജെ.പിയുടെ മുന്നേറ്റം രണ്ടു വർഷത്തിനു ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സൂചനയാണ്.

30 ശതമാനം മുസ്ലിം വോട്ടുകളുള്ള ബംഗാൾ,​ തീവ്രഹിന്ദുത്വം ശ്വസിക്കുന്ന ബി.ജെ.പിക്ക് ബാലികേറാമല ആണെന്ന വിശ്വാസമാണ് മോദിയും അമിത്‌ ഷായും ചേർന്ന് തകർത്തത്. ജനസംഘത്തിന്റെ സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ ജന്മനാട്ടിൽ പാർട്ടിക്ക് സാന്നിദ്ധ്യമില്ലെന്ന സങ്കടം കൂടിയാണ് ഇതോടെ തീർക്കുന്നത്.

അവശിഷ്‌ട സി.പി.എമ്മിന്റെ മാത്രമല്ല, സി.പി.എമ്മിനെ പണ്ടേ തകർത്ത മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെയും വോട്ടു ബാങ്കുകളാണ് ബി.ജെ.പി ചോർത്തിയത്. ഇരു പാർട്ടികളുടെയും കൂടി 30 ശതമാനം വോട്ടുകൾ പിടിച്ചെടുത്ത ബി.ജെ.പിയുടെ മൊത്തം വോട്ട് വിഹിതം 40 ശതമാനമായാണ് വർദ്ധിച്ചത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 10 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ട് വിഹിതം. മൂന്നു വർഷത്തിനകം 30 ശതമാനത്തിന്റെ വർദ്ധന. ഇതിൽ 20 ശതമാനവും സി.പി.എമ്മിന്റെ വോട്ടുകൾ മറിഞ്ഞതാണ്. പത്തു ശതമാനം തൃണമൂലിന്റെയും. ഒറ്റ സീറ്റും കിട്ടാതെയാണ് സി.പി.എമ്മിന്റെ തകർച്ച പൂർണമായത്. അവരുടെ വോട്ട് വിഹിതം വെറും അഞ്ചു ശതമാനമായി കുറഞ്ഞു.

42 ലോക്‌സഭാ സീറ്റുള്ള ബംഗാളിൽ തൃണമൂലിന് 34 സീറ്റുണ്ടായിരുന്നത് 23 ആയി കുറഞ്ഞു. രണ്ടു സീറ്റിൽ നിന്നാണ് ബി.ജെ.പി 18 സീറ്റിലേക്കു വളർന്നത്. 292 നിയമസഭാ മണ്ഡലങ്ങളിൽ നൂറിലേറെ എണ്ണത്തിൽ ബി.ജെ.പി ഒന്നാമതെത്തി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് മമതയ്‌ക്ക് അപകടസൂചനയാണ്.

ബൂത്ത് തലം മുതൽ കൃത്യമായ പദ്ധതിയുമായാണ് ബംഗാളിൽ ബി.ജെ.പി രംഗത്തിറങ്ങിയത്. അതീവ തീവ്രമായിരുന്നു പ്രചാരണ ശൈലി. മമതയുടെ മുസ്ലിം പ്രീണനനയങ്ങൾ തുറന്നു കാട്ടുകയായിരുന്നു ബി.ജെ. പിയുടെ പ്രധാന ആയുധം. പള്ളികളിലെ ഇമാമുമാർക്കും മറ്റും സർക്കാർ ശമ്പളം അനുവദിച്ചതും മുൻപ് മുഹറം ആഘോഷത്തിനിടെ ദുർഗ്ഗാപൂജ വന്നപ്പോൾ വിഗ്രഹ നിമജ്ജന ഘോഷയാത്ര നിറുത്തിവച്ചതും ഉൾപ്പെടെ മുസ്ലിങ്ങളെ പ്രീണിപ്പിക്കുന്ന നടപടികളെല്ലാം ബി.ജെ.പി ഉപയോഗിച്ചു. ഹൈന്ദവ വോട്ടുകളുടെ ധ്രുവീകരണമായിരുന്നു ലക്ഷ്യം. ബി.ജെ.പി ജയിച്ച മിക്ക സീറ്റിലും അതു സംഭവിച്ചു. ബംഗാളിന്റെ ആത്മീയ വിഗ്രഹങ്ങളായ സ്വാമി വിവേകാനന്ദനെയും ശ്രീ അരബിന്ദോയെയും സ്വന്തം പ്രത്യയശാസ്‌ത്ര സംഹിതയുടെ വക്താക്കളായി അവതരിപ്പിച്ചതും ഹൈന്ദവ വോട്ടുകളെ സ്വാധീനിച്ചു.

തൃണമൂലിൽ നിന്ന് കൂറുമാറി എത്തിയ മുകുൾ റോയിയുടെ രാഷ്‌ട്രീയ തന്ത്രജ്ഞതയും ബി.ജെ.പിക്ക് നേട്ടമായി. കേന്ദ്ര മന്ത്രിയായിരുന്ന മുകുൾ റോയി മമതയുടെ വിശ്വസ്‌തനായിരുന്നു. മമതയുടെ

രാഷ്‌ട്രീയ തന്ത്രങ്ങൾ അടിമുടി അറിയാവുന്ന നേതാവ്. പതിനായിരക്കണക്കിന് തൃണമൂൽ പ്രവർത്തകരെ അദ്ദേഹം ബി.ജെ.പിയിൽ എത്തിച്ചു. മുസ്ലിം വോട്ടർമാർ നിർണായക ശക്തിയല്ലാത്ത 32 മണ്ഡലങ്ങളുടെ ലി‌സ്റ്റ് ബി.ജെ.പിക്ക് നൽകിയ മുകുൾ റോയി സ്ഥാനാർത്ഥി നിർണയത്തിലും വലിയ പങ്കു വഹിച്ചു.

തൃണമൂലിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും ബി.ജെ.പി നന്നായി ഉപയോഗിച്ചു. അനന്തരവൻ അഭിഷേക് ബാനർജിയെ പാർട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ മമത ശ്രമിക്കുന്നതിൽ ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ട്. ഇത് മുതലെടുക്കാൻ കുടുംബ വാഴ്ചയായും ബി.ജെ.പി ചിത്രീകരിച്ചിരുന്നു.