കാസർകോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ നിന്നും വിജയം നേടിയതിനു പിന്നാലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രംഗത്തെത്തി. മുഖ്യമന്ത്രി 41 ദിവസം വ്രതമെടുത്ത് ശബരിമലയിലേക്ക് പോകണമെന്നായിരുന്നു ഉണ്ണിത്താന്റെ പരിഹാസം.
"ഞാൻ പിണറായി വിജയനോട് വിനയപൂർവം അഭ്യർത്ഥിക്കുന്നു. നിങ്ങൾ 41 ദിവസം മാലയിട്ട് വ്രതമെടുക്കണം, എന്നിട്ട്, 41ആം ദിവസം ശബരിമലയിലേക്ക് പോകണം. 18 പടികൾ ചവിട്ടണം. അയ്യപ്പനെ കണ്ട് സമസ്താപരാധങ്ങളും പൊറുക്കണം എന്ന് പറയണം. ഇല്ലെങ്കിൽ, നിങ്ങളുടെ പാർട്ടി ഒരു തിരഞ്ഞെടുപ്പിലും കേരളത്തിൽ ജയിക്കാന്‍ പോകുന്നില്ല"- അദ്ദേഹം പറഞ്ഞു
കേരളം വിശ്വാസികളുടെ നാടാണ്. നിരീശ്വരവാദികളുടെ നാടല്ല. അതുകൊണ്ട് നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാർക്കും സുപ്രീം കോടതിയുടെ വിധിയിൽ ശബരിമലയെ അട്ടിമറിക്കാൻ വളരെ ഹീനമായ നാടകം കളിച്ച പിണറായി വിജയനും അയ്യപ്പൻ കൊടുത്ത പണിയാണ് ഈ പണി-ഉണ്ണിത്താൻ പറഞ്ഞു. കാസർകോട് മണ്ഡലത്തിലെ എൽ.ഡി.ഫ് സ്ഥാനാർത്ഥി കെ.പി സതീഷ് ചന്ദ്രനെ 40,438 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ പരാജയപ്പെടുത്തിയത്.