shobha-surendran

ആറ്റിങ്ങൾ: രണ്ടര പതിറ്റാണ്ടുകൾക്ക് ശേഷം കോൺഗ്രസിന്റെ മൂവർണക്കൊടി പാറിച്ച് അടൂർ പ്രകാശ് ആറ്റിങ്ങൾ മണ്ഡലത്തിൽ വിജയിച്ചിരിക്കുകയാണ്. എ.സമ്പത്ത് എന്ന സിറ്റിംഗ് എം.പിയെ 38,​247 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അടൂർ പ്രകാശ് അട്ടിമറിച്ചത്. ഉറപ്പിച്ച മണ്ഡലമെന്ന് സി.പി.എം വിശ്വസിച്ച കോട്ട കൂടി തകർന്നതോടെ കേരളത്തിൽ പാർട്ടി തകർന്ന് തരിപ്പണമായി. എന്നാൽ ബി.ജെ.പിയെ സംബന്ധിച്ച് ആറ്റിങ്ങലിൽ വളരെ മികച്ച മത്സരമാണെന്ന് തന്നെ വേണമെങ്കിൽ പറയാം. 2014ലെ തിരഞ്ഞെടുപ്പിനെക്കാൾ ഇരട്ടിയിലധികം വോട്ടുകളാണ് ബി.ജെ.പി ശോഭ സുരേന്ദ്രനിലൂടെ ഇത്തവണ നേടിയത്. പാലക്കാട് മണ്ഡലം ആവശ്യപ്പെട്ട ശോഭ സുരേന്ദ്രനെ പാർട്ടി നിർബന്ധിച്ച് ആറ്റിങ്ങലിലേക്ക് ഒതുക്കിയപ്പോൾ സ്വന്തം പാർട്ടിക്കാർ പോലും വിചാരിച്ചു കാണില്ല വോട്ട് രണ്ടര ലക്ഷത്തിനടുത്തെത്തുമെന്ന്.

എന്നാൽ നിരവധി പ്രതിസന്ധികളെ മറികടന്നാണ് ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നടന്നത്. അതിൽ ഒന്നായിരുന്നു മണ്ഡല പര്യടനത്തിനിടെ പള്ളിക്കലിൽ സംഘർഷം. പള്ളിക്കൽ ടൗണിൽ ബി.ജെ.പി പ്രവർത്തകർ സ്ഥാനാർത്ഥിക്ക് സ്വീകരണം ഒരുക്കുന്നതിനിടെയായിരുന്നു സംഭവം. സ്ഥലത്തേക്ക് ശോഭ സുരേന്ദ്രന്റെ വാഹന വ്യൂഹമെത്തിയപ്പോൾ സംഘടിച്ചെത്തിയ സി.പി.എം പ്രവർത്തകർ കൂകി വിളിക്കുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. പിന്നീട് ഇത് സംഘർഷത്തിൽ കലാശിച്ചു. എന്നാൽ ഈ വിഷയം വേണ്ട രീതിയിൽ പ്രചാരണ ആയുധമാക്കാൻ സംസ്ഥാന നേതാക്കൾ ശ്രമിച്ചില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.

കൂടാതെ ദേശീയ നേതാക്കളുടെ സാന്നിദ്ധ്യം മണ്ഡലത്തിൽ കുറവായിട്ടും ഇത്രയധികം വോട്ടുകൾ ശോഭ സുരേന്ദ്രന്റെ നേട്ടമായി തന്നെ കണക്കാക്കാം. പ്രചാരണ സമയത്ത് ദേശിയ നേതൃത്വത്തിൽ നിന്ന് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ മാത്രമാണ് മണ്ഡലത്തിൽ സാന്നിദ്ധ്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശിയ അദ്ധ്യക്ഷൻ അമിത് ഷായും പ്രചാരണം ന

ത്തിയ മിക്ക മണ്ഡലങ്ങളിലേക്കാൾ കൂടുതൽ വോട്ടുകൾ ശോഭ സുരേന്ദ്രന് നേടാനായത് തികച്ചും കൗതുകമുണർത്തുന്ന കാഴ്ചയാണ്.

തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ ആറ്റിങ്ങൽ പോലുള്ള പല മണ്ഡലങ്ങളിലും പരാതി ഉയർന്നിരുന്നു. പാർട്ടിയുടെ എ ഗ്രേഡ് മണ്ഡലങ്ങൾ ഒഴികെയുള്ളിടത്തെല്ലാം സ്ഥാനാർത്ഥികൾ തന്നെ ഫണ്ട് സ്വയം കണ്ടെത്തണമെന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. എ ഗ്രേഡ് അല്ലാത്ത മണ്ഡലങ്ങളിൽ മതിയായ ഫണ്ട് ലഭിച്ചില്ലെന്നും സ്ഥാനാർത്ഥികൾ പരാതിപ്പെട്ടിരുന്നു. എന്നാൽ എ ഗ്രേഡ് മണ്ഡലങ്ങളിൽ അമിതമായി ഫണ്ട് ചിലവഴിച്ചെങ്കിലും വേണ്ടത്ര രീതിയിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് നേതൃത്വത്തിന് തിരിച്ചടിയുമാണ്. അതിൽ ഏറ്റവും വലിയ ഉദാഹരണമാണ് തൃശൂരിലെ സുരേഷ് ഗോപിയുടെയും പത്തനംതിട്ടയിലെ കെ.സുരേന്ദ്രന്റെയും മൂന്നാം സ്ഥാനം.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള ആറ്റിങ്ങലിൽ നടത്തിയ മുസ്ലീം വിരുദ്ധ പരാമർശം ശോഭ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ തെല്ലൊന്നുമല്ല തളർത്തിയത്. ഇസ്ലാമാകണമെങ്കിൽ ചില അടയാളങ്ങളൊക്കെയുണ്ടല്ലോ ഡ്രസ്സൊക്കെ മാറ്റിനോക്കണ്ടേ' എന്നായിരുന്നു പിള്ള ആറ്റിങ്ങലിൽ പരസ്യമായി പ്രസംഗിച്ചത്. ബലാകോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിക്കുന്ന ചിലരുണ്ട്. രാഹുൽഗാന്ധിയും യെച്ചൂരിയും പിണറായി വിജയനുമൊക്കെ ചോദിക്കുന്നത് അവിടെ മരിച്ചു കിടക്കുന്നത് ഏത് ജാതിക്കാരാ, മതക്കാരാ എന്നൊക്കെയാണ്. ഇസ്ലാമാണെങ്കിൽ ചില അടയാളങ്ങളുണ്ടല്ലോ. അതുനോക്കിയായല്ലേ അറിയാൻ പറ്റൂ.അങ്ങനെയൊക്കെ ചെയ്തിട്ട് വരണമെന്നാണ് അവർ പറയുന്നത്. "സൈനിക മികവിനെ പ്രകീർത്തിച്ച ശേഷമായിരുന്നു ശ്രീധരൻപിള്ള ഇക്കാര്യം പറഞ്ഞത്. എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്യുന്ന ചടങ്ങിലായിരുന്നു മുസ്ലീം വിരുദ്ധ പ്രസംഗം. ശ്രീധരൻപിള്ളയുടെ പ്രസംഗത്തിൽ ചട്ടലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. ന്യൂനപക്ഷ വോട്ടുകൾ വേണ്ടന്ന രീതിയിൽ ശ്രീധരൻപിള്ള നടത്തിയ പരമാർശം അറ്റിങ്ങലിൽ ബി.ജെ.പിയെ കാര്യമായി ബാധിച്ചിട്ടുണ്ടാവാം.

ഇത്രയും പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടും എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ മണ്ഡലത്തിൽ ത്രികോണമത്സരത്തിന്റെ പ്രതീതിയാണ് സൃഷ്ടിച്ചതെന്ന് നിസംശയം പറയാം. 2014 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കിട്ടിയത് 90,528 വോട്ടുകളാണെങ്കിൽ ഇക്കുറി അത് 2,48,000 ആക്കി ഉയർത്താൻ ശോഭയ്ക്ക് കഴിഞ്ഞതും ശ്രദ്ധേയമാണ്.