karnataka

ബംഗളൂരു: കർണാടകയിലെ കോൺഗ്രസ്- ജെ.ഡി എസ് സഖ്യത്തിന്റെ ഒന്നാം പിറന്നാളിനേറ്റ കനത്ത തിരിച്ചടി ബി.ജെപിയുടെ മധുരപ്രതികാരമായി. സംസ്ഥാനത്ത് കോൺഗ്രസിന്റെ ഏറ്റവും വലിയ തോൽവി കണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 28-ൽ 25 സീറ്റിലും വിജയം കൊയ്‌തെടുത്താണ് ബി.ജെ.പി ചരിത്രമെഴുതിയത്. യെദ്യൂരപ്പയുടെ ഒരുദിവസ സർക്കാരിനെ താഴെയിറക്കി കഴിഞ്ഞ വർഷം മേയ് 23-നാണ് കുമാരസ്വാമിയുടെ സഖ്യസർക്കാർ അധികാരമേറ്റത്.

2009- ൽ 19 സീറ്റുകൾ നേടിയതായിരുന്നു ബി.ജെ.പിയുടെ ഇതുവരെയുള്ള മികച്ച നേട്ടം.

2014- ൽ ഒൻപതു സീറ്റ് നേടിയ കോൺഗ്രസും രണ്ടു സീറ്റ് നേടിയ ജെ.ഡി.എസും ഇത്തവണ ഒറ്റ സീറ്റിലൊതുങ്ങി. ബംഗളൂരു റൂറലിൽ മന്ത്രി ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷ് കോൺഗ്രസിന്റെയും ഹാസനിൽ ദേവഗൗഡയുടെ കൊച്ചുമകൻ പ്രജ്വൽ രേവണ്ണ ജെ.ഡി എസിന്റെയും സിറ്റിംഗ് സീറ്റ് നിലനിർത്തി. മാണ്ഡ്യയിൽ ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി, നടി സുമലത അംബരീഷ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ ഒന്നേകാൽ ലക്ഷത്തോളം വോട്ടിനാണ് തറപറ്റിച്ചത്.

മുൻ പ്രധാനമന്ത്രിയും പാർട്ടി അദ്ധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയടക്കം ജെ.ഡി എസിന്റെ ഏഴിൽ ആറു സ്ഥാനാർത്ഥികളും കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെ, എം. വീരപ്പമൊയ്‌ലി, കെ.എച്ച്. മുനിയപ്പ എന്നിവരുൾപ്പെടെ 21-ൽ 20 സ്ഥാനാർത്ഥികളും തോറ്റു. ബംഗളൂരു സെൻട്രലിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ നടൻ പ്രകാശ്‌ രാജും തോൽവി രുചിച്ചു.

നിയമസഭാ ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസിന് തിരിച്ചടിയായിരുന്നു. രണ്ട് സിറ്റിംഗ് സീറ്റിൽ ഒന്ന് നഷ്ടമായി. ഇതോടെ ബി.ജെ.പി എം.എൽ.എമാരുടെ എണ്ണം 105 ആയി. 113 ആണ് കേവല ഭൂരിപക്ഷം. 20 കോൺഗ്രസ് വിമതർ മറുകണ്ടം ചാടുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.


 ഒന്നാണ് നമ്മൾ

കർണാടകയിൽ കോൺഗ്രസ് – ജെ.ഡി.എസ് സഖ്യ സർക്കാർ തുടരുമെന്ന് ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജി.പരമേശ്വരയും, തിരിച്ചടി സഖ്യത്തെ ബാധിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞു. ഇന്നലെ രാവിലെ കുമാരസ്വാമിയുടെ ബംഗളൂരുവിലെ വസതിയിൽ കോൺഗ്രസ്, ജെ.ഡി എസ് നേതാക്കളുടെ യോഗത്തിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടർന്ന് എച്ച്.ഡി.കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നും പകരം കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നും വാർത്തകളുണ്ടായിരുന്നു. അതേസമയം, കർണാടകയിലെ കോൺഗ്രസ് പ്രചാരണ വിഭാഗം അധ്യക്ഷൻ എച്ച്.കെ.പട്ടീൽ രാജിസന്നദ്ധത അറിയിച്ച് രാഹുൽ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്.