തൃശൂർ : നഗരത്തിൽ നിന്നു മൂന്ന് കോടിയുടെ മയക്കുമരുന്നുമായി രണ്ടുപേരെ തൃശൂർ റേഞ്ച് എക്‌സൈസ് പിടികൂടി. തൃശൂർ കിഴക്കേകോട്ട സ്വദേശി മാജിക് മിഥിൻ എന്ന മിഥിൻ (25), കണ്ണൂർ ഓളയാർ സ്വദേശി ചിഞ്ചു മാത്യു (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസമായി നടന്ന നാടകീയ നീക്കത്തിലൂടെ ജില്ലയിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്ന സംഘത്തെ രണ്ടേകാൽ കിലോ ഹാഷിഷ് ഓയിൽ, 1.5 ഗ്രാം എം.ഡി.എം.എ, 2.60 ഗ്രാം അംഫെറ്റമിൻ എന്നിവ സഹിതം എക്‌സൈസ് ഇൻസ്‌പെക്ടർ എം.എഫ്. സുരേഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
ഓൺലൈനായി മയക്കുമരുന്ന് വരുത്തുകയും സോഷ്യൽ മീഡിയയുടെ സഹായത്തോടെ വില്പന നടത്തുകയും ചെയ്തിരുന്ന മിഥിനെ ആമ്പക്കാടൻ മൂലയിൽ നിന്നുമാണ് മുക്കാൽ കിലോയോളം ഹാഷിഷ് ഓയിൽ, എം.ഡി.എം.എ, ആംഫിറ്റമിൻ എന്നിവയുമായി പിടികൂടിയത്. മിഥിന്റെ ഫോണിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചിഞ്ചുമാത്യുവിനെ കുടുക്കിയത്. ജില്ലയിൽ മയക്കുമരുന്ന് എത്തിച്ച് കൊടുക്കുന്ന കണ്ണിയാണ് ഇയാൾ. എല്ലാ വെള്ളിയാഴ്ചകളിലും ഇയാൾ തൃശൂരിൽ ട്രെയിൻ മാർഗം എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് റെയിൽവേ സ്റ്റേഷന് പിറകിൽ നിന്നു 8.7 ഗ്രാം വീതമുള്ള 226 പ്ലാസ്റ്റിക് ഡപ്പി ഹാഷിഷ് ഓയിലുമായി പിടികൂടിയത്. കൊച്ചി താവളമാക്കി തൃശൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ ആഴ്ചയിൽ ഒരു ദിവസം വീതം എത്തി ഇയാളുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചിരിക്കുന്നവർക്ക് മയക്കുമരുന്ന് നൽകി തിരികെ പോകും. ആന്ധ്രപ്രദേശിൽ നിന്നു കൊറിയർ മാർഗമാണ് ഹാഷിഷ് ഓയിൽ എത്തിക്കുന്നത്.
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ബാലസുബ്രഹ്മണ്യൻ, പ്രിവന്റീവ് ഓഫീസർമാരായ ശിവശങ്കരൻ, വിപിൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, ടി.ആർ. സുനിൽ, മനോജ് കുമാർ, ജെയ്‌സൺ, ദേവദാസ്, ബിജു, രാജു, സനീഷ്, ഷനുജ്, സുധീർ എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വിവരം ലഭിച്ചത് പതിന്നാലുകാരനിൽ നിന്ന്
മയക്കുമരുന്ന് വ്യാപാര ശൃംഖലയിലെ രണ്ടുപേരെ കുടുക്കിയത് പതിന്നാലുകാരൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. നന്നായി പഠിച്ചിരുന്ന വിദ്യാർത്ഥി പെട്ടെന്ന് പഠിക്കാതാകുകയും ദേഷ്യപ്പെടുന്ന സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തതോടെ വീട്ടുകാർക്ക് സംശയം തോന്നി എക്‌സൈസിന് വിവരം നൽകി. ഇതോടെയാണ് മിഥിനെ നിരീക്ഷിക്കുന്നത്. ഓൺലൈൻ വഴി വിവിധ തരത്തിലുള്ള മയക്കുമരുന്നുകൾ ഇയാളുടെ അലങ്കാര മത്സ്യവില്പന കേന്ദ്രത്തിന്റെ അഡ്രസ് ഉപയോഗിച്ച് പാഴ്സൽ വരുത്തും. വാട്‌സ് ആപ്പ്, ഫേസ് ബുക്ക് എന്നിവ വഴിയുള്ള വില്പന പൊലീസും എക്‌സൈസും ശ്രദ്ധിക്കുമെന്ന് തിരിച്ചറിഞ്ഞ് 'ടെലഗ്രാം 'എന്ന ന്യൂജെൻ ആപ് വഴി വില്പന നടത്തുകയായിരുന്നു. പകൽ അലങ്കാര മത്സ്യ വിപണന കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഇയാൾ ഓർഡർ അനുസരിച്ച് മയക്കു മരുന്ന് വിൽക്കും. അലങ്കാര മത്സ്യം വാങ്ങാനെന്ന വ്യാജേനയെത്തി, എക്‌സൈസ് സംഘം തന്ത്രപരമായി മയക്കുമരുന്ന് ആവശ്യപ്പെട്ടു കുടുക്കുകയായിരുന്നു.