ലണ്ടൻ:ബ്രക്സിറ്റിന്റെ പേരിൽ ബ്രിട്ടനിലെ രാഷ്ട്രീയ, ഭരണ പ്രതിസന്ധി രൂക്ഷമായിരിക്കെ പ്രധാനമന്ത്രി തെരേസ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപിച്ചു. ജൂൺ ഏഴിന് സ്ഥാനം ഒഴിയും.
പാർട്ടി പുതിയ നേതാവിനെ കണ്ടെത്തും വരെ മേയ് കാവൽ പ്രധാനമന്ത്രിയായി തുടരും. പാർട്ടിയുടെ പുതിയ നേതാവ് പൊതു തിരഞ്ഞെടുപ്പ് ഇല്ലാതെ തന്നെ അടുത്ത പ്രധാനമന്ത്രിയാകും. ആഴ്‌ചകൾ നീളുന്ന നടപടിക്രമങ്ങളിലൂടെയാണ് പുതിയ നേതാവിനെ കണ്ടെത്തുക. മേയുടെ രാജിയോടെ ബ്രിട്ടനിൽ പുതിയ അധികാര വടംവലിക്കാണ് കളമൊരുങ്ങുന്നത്.
ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റ് വസതിക്കു മുന്നിൽ വികാരനിർഭരയായാണ് മേയ് രാജിസന്നദ്ധത പ്രഖ്യാപിച്ചത്.
2016ൽ ബ്രിട്ടീഷ് ജനത തീരുമാനിച്ച ബ്രക്സിറ്റ് നടപ്പാക്കാൻ കഴിയുന്നതെല്ലാം ചെയ്‌തിട്ടും സാദ്ധ്യമാക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും അത് തന്നെ ഭാവിയിലും വേട്ടയാടുമെന്നും തെരേസ മേയ് പറഞ്ഞു. രാജ്യതാത്പര്യത്തിന് അനുസരിച്ച് പുതിയ പ്രധാനമന്ത്രിക്ക് ബ്രക്സിറ്റ് നടപ്പാക്കാൻ സാധിക്കട്ടെ - മേയ് പറഞ്ഞു.
അതേസമയം, പുതിയ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ മെച്ചപ്പെട്ട ബ്രക്‌സിറ്റ് കരാർ പാർലമെന്റിൽ അടുത്ത മാസം ആദ്യം വോട്ടിനിടും. യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടൻ പിന്മാറുന്നതിന്റെ നടപടിക്രമങ്ങൾ വിശദീകരിക്കുന്ന കരാറിന്റെ കരടിൽ നാലാമത്തെ വോട്ടെടുപ്പാണ് നടക്കാനിരിക്കുന്നത്. പാർലമെന്റിൽ കരാർ പാസാക്കി ബ്രക്‌സിറ്റ് നടപടികൾ തുടങ്ങാൻ ഒക്ടോബർ 31 വരെയാണു യൂറോപ്യൻ യൂണിയൻ ബ്രിട്ടനു സമയം നീട്ടിക്കൊടുത്തിരിക്കുന്നത്.
മേയ്, ബ്രിട്ടന്റെ രണ്ടാം ഉരുക്കുവനിത
ഡേവിഡ് കാമറൂൺ മന്ത്രിസഭയിൽ ഹോം സെക്രട്ടറിയായി ആറുവർഷം
കാമറൂണിന്റെ പിൻഗാമിയായി പ്രധാനമന്ത്രിസ്ഥാനത്തേക്ക്
മാർഗരറ്റ് താച്ചർക്കു ശേഷം രണ്ടാം ഉരുക്കുവനിതയെന്ന വിശേഷണം
സ്ഥാനമേറ്റ് ആറുമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം.
തിരഞ്ഞെടുപ്പോടെ മേയുടെ ഭൂരിപക്ഷ സർക്കാർ ന്യൂനപക്ഷ സർക്കാരായി
''ബ്രിട്ടന്റെ രണ്ടാമത്തെ വനിതാ നേതാവാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. രാജ്യത്തെ സേവിക്കാൻ കിട്ടിയ അവസരം വലിയ അംഗീകാരമായാണ് കാണുന്നത്. " - തെരേസ മേയ്