fire

സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ ബഹുനിലമന്ദിരത്തിൽ വൻതീപിടിത്തം. 20ഓളം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മരിച്ചവരിലേറെയും 14നും 17നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ്. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. സൂററ്റിലെ സാർത്ഥനയിൽ തക്ഷശില കോംപ്ലക്സിന്റെ മൂന്നും നാലും നിലകളിലാണ് തീപിടിത്തമുണ്ടായത്. വിദ്യാർത്ഥികളുടെ പരിശീലന കേന്ദ്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. നിരവധി വിദ്യാർത്ഥികൾ സംഭവസമയം ഇവിടെ ഉണ്ടായിരുന്നതായാണ് സൂചന. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

തീപിടിത്തത്തെ തുടർന്ന് നാലാംനിലയുടെ ജനലുകളിലൂടെ വിദ്യാർത്ഥികൾ താഴേക്കുചാടുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ ചാടിയവരാണ് മരിച്ചവരിൽ ഏറെയെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു.

അഗ്നിശമനസേനയുടെ 19 യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. എല്ലാ സഹായങ്ങളും നൽകാൻ ഗുജറാത്ത് സർക്കാരിനോട് മോദി നിർദ്ദേശിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി വിജയ് രൂപാനി നാലുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.