kummanam-

തിരുവനന്തപുരം: താൻ വർഗീയവാദിയാണെന്ന രീതിയിൽ കോൺഗ്രസ് നടത്തിയ പ്രചാരണം ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ജനവിധി ആദരവോടും ബഹുമാനത്തോടും അംഗീകരിക്കുന്നു. എന്നാൽ കെ.പി.സി.സി അദ്ധ്യക്ഷനടക്കം ഹീനമായതരത്തിൽ പ്രചാരണം നടത്തിയത് ഖേദകരമാണെന്ന് കുമ്മനം പറഞ്ഞു.

വർഗീയവാദിയാണെന്നും മതവിദ്വേഷിയാണെന്നും ഉള്ള തരത്തിൽ പ്രചാരണം നടത്തി. നിലയ്ക്കൽ, മാറാട് കലാപങ്ങൾക്ക് നേതൃത്വം നൽകിയെന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തി. യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത പച്ചനുണകൾ സമാന്യ മര്യാദ ലംഘിച്ച് പ്രചരിപ്പിച്ചുവെന്നത് ഉത്കണ്ഠ ജനിപ്പിക്കുന്നതാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലയ്ക്കൽ പ്രശ്‌നം പരിഹരിക്കാനാണ് താൻ ശ്രമിച്ചത്. ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുമായി ചർച്ച നടത്തി പ്രശ്‌നം പരിഹരിച്ചു. ഏറ്റുമുട്ടൽ ഉണ്ടായില്ല. പ്രശ്‌നങ്ങൾ സംസാരിച്ച് പരിഹരിക്കാന്‍ കഴിഞ്ഞു. മുൻമുഖ്യമന്ത്രി കെ. കരുണാകരൻപോലും ഇതേപ്പറ്റി വിശദീകരിക്കുകയും തന്നെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. മതത്തിന്റെ പേരിൽ ഒരു പ്രശ്‌നവുമുണ്ടാകരുതെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു. എന്നാൽ വളരെ മുമ്പുനടന്ന പ്രശ്‌നം കുത്തിപ്പൊക്കി മതവിദ്വേഷമുണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചു. കമ്യൂണിസ്റ്റ് പാർട്ടി അതിന് കൂട്ടുനിന്നുവെന്നും കുമ്മനം ആരോപിച്ചു. മാറാട് പ്രശ്‌നവും പരിഹരിക്കാനാണ് താൻ ശ്രമിച്ചത്. മുസ്‌ലിം ലീഗ് നേതാക്കൾ ഒരുമിച്ചിരുന്നാണ് ചർച്ച നടത്തിയത്.

ആരാണ് തോല്‍ക്കേണ്ടത് എന്ന് തീരുമാനിക്കുന്നതില്‍ അവര്‍ ഒറ്റക്കെട്ടായിരുന്നു. കുമ്മനം ജയിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ആര് ജയിക്കുമെന്ന് പറഞ്ഞില്ല. തന്നെ തോല്‍പ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ലെങ്കിൽപ്പോലും സംസ്ഥാനത്ത് മികച്ച പ്രകടനം നടത്താൻ എൻ.ഡി.എയ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.