pk-kunhalikutty-

ആലത്തൂരിൽ പി.കെ.ബിജുവിനെതിരെ അട്ടിമറി വിജയം നേടിയ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യഹരിദാസിനെ അഭിനന്ദിച്ച് മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടിയും കുടുംബവും രമ്യയോടൊപ്പം നിൽക്കുന്ന ചിത്രവും ഫേസ്ബുക്കിൽ കുഞ്ഞാലിക്കുട്ടി പങ്കുവച്ചു.

''കേരളത്തിന്റെ അഭിമാനം, ആലത്തൂരിന്റെ പാർലമെന്റ് പ്രതിനിധി. ഈ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള വിജയത്തിന്റെ ഉടമ കേരളത്തിന്റെ പെങ്ങളൂട്ടി രമ്യാ ഹരിദാസിനൊപ്പം ഞാനും എന്റെ കുടുംബവും. അഭിനന്ദനങ്ങൾ രമ്യാ ഹരിദാസ്'' ചിത്രം പങ്കുവെച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രമ്യയെയും കുഞ്ഞാലിക്കുട്ടിയെയും ചേർത്തു എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ നടത്തിയ പരാമർശം വൻവിവാദത്തിന് വഴിവച്ചിരുന്നു. രമ്യാ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ സന്ദർശിച്ചതിനെക്കുറിച്ചായിരുന്നു വിജയാഘവന്റെ വിവാദ പരാമർശം. സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമർശം