മുംബയ് : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ എൻ.ഡി.എ വൻ വിജയം നേടിയതിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിലും കുതിപ്പ് തുടരുന്നു. മുംബയ് ഓഹരി സൂചികയായ സെൻസെക്സിലും ദേശീയ ഓഹരി സൂചകയായ നിഫ്റ്റിയിലും ഇന്ന് വൻനേട്ടമാണ് ഉണ്ടായത്.
എൻ.ഡി.എ സർക്കാരിന്റെ നിലവിലെ സാമ്പത്തിക നയങ്ങൾ മാറ്റമില്ലാതെ മുന്നോട്ട് കൊണ്ടുപോകുമെന്ന ഉറപ്പും ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭരിക്കാനുളള ഭൂരിപക്ഷം ലഭിച്ചതിലൂടെ സ്ഥിരതയുളള സർക്കാർ അധികാരത്തിൽ തുടരുമെന്ന പ്രതീക്ഷയുമാണ് നിക്ഷേപകരുടെയും വിപണിയുടെയും കുതിപ്പിന് കാരണമെന്നാണ് നിഗമനം.
സെൻസെക്സിൽ 623 പോയിന്റ് ഉയർന്ന് 39,435ൽ വ്യാപാരം അവസാനിച്ചു. 1.61 ശതമാനമാണ് നേട്ടം. നിഫ്റ്റി 50യിൽ 187 പോയിന്റ് ഉയര്‍ന്ന് 11,844ൽ വ്യാപാരം അവസാനിച്ചു. സെൻസെക്സിൽ ഐ.സി.ഐ.സി.ഐ ബാങ്ക്, ലാർസൻ ആൻഡ് ടോബ്രോ, സ്റ്റേറ്റ് ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.