ഫോർട്ട്‌കൊച്ചി: ഹെൽമെറ്റ് വയ്ക്കാതെ നാലുകുട്ടികളുമായി സ്കൂട്ടറിലെത്തിയ മദ്ധ്യവയസ്കനെ കണ്ട് വാഹനപരിശോധന നടത്തുകയായിരുന്ന വെഹിക്കിൾ ഇൻസ്പെക്ടർ പോലും തൊഴുതുപോയി. ഫോർട്ട് കൊച്ചിയിലാണ് സംഭവം. വാഹനപരിശോധന നടത്തുകയായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ .വിനോദ്കുമാറിന്റെയും സംഘത്തിന്റെയും മുന്നിലേക്കാണ് നാലുകുട്ടികളെയും കയറ്റിയ സ്കൂട്ടറിൽ ഇയാൾ എത്തിയത്. തന്റെ സർവീസ് കാലയളവിൽ ആദ്യമായി ഇത്തരമൊരു കാഴ്ച കണ്ട വിനോദ്കുമാർ ആദ്യമൊന്നു കൈകൂപ്പി. എം.വി.ഐ സ്കൂട്ടർ യാത്രക്കാരനെ കണ്ട് തൊഴുതത് അടുത്ത് നിന്നവർ കാമറയിൽ പകർത്തി. ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി.
മേയ് 22 ബുധനാഴ്ചയായിരുന്നു സംഭവം. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ ഇൻഷ്വറൻസ് കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തിയതിനാൽ 2100 രൂപ ഫൈനായി ഈടാക്കി.
വാഹന ഇൻഷ്വറൻസ് അടയ്ക്കാതിരുന്നതിന് 1000 രൂപ, കുട്ടികളെ കുത്തിനിറച്ച് വാഹനം ഓടിച്ചതിന് 1000 രൂപ, ഹെൽമെറ്റ് വയ്ക്കാത്തതിന് 100 രൂപ എന്നിങ്ങനെയാണ് ഫൈൻ ഈടാക്കിയത്. വ്യത്യസ്തമായ വാഹന പരിശോധന എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിക്കുന്നത്. പ്രചരിക്കുന്നത്. സുരക്ഷയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ ചിത്രത്തിന് കഴിയുന്നതിൽ സന്തോഷമുണ്ടെന്നാണ് വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ്കുമാറിന്റെ പ്രതികരണം.