ലണ്ടൻ: മേയ് മുപ്പതിന് തുടങ്ങുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ഇന്ന് ആദ്യ സന്നാഹ മത്സരത്തിനിറങ്ങുന്നു. ന്യൂസലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ ഇന്ത്യൻസമയം വൈകിട്ട് 3 മുതലാണ് മത്സരം.
സ്റ്രാർ സ്പോർട്സ് ചാനലിൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണമുണ്ട്. ഐ.പി.എല്ലിനെ തുടർന്നുള്ള വിശ്രമത്തിന് ശേഷം നായകൻ വിരാട് കൊഹ്ലിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് ഇന്ത്യ ഇംഗ്ലണ്ടിൽ എത്തിയത്. ഇന്നലെ ഇന്ത്യൻ ടീം ഓവലിൽ പരിശീലനം നടത്തി.
നിലവിൽ ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ടിനും നിലവിലെ ചാമ്പ്യൻമാരായ ആസ്ട്രേലിയയ്ക്കുമൊപ്പം ഇത്തവണ കിരീടം നേടാൻ സാധ്യത കൽപ്പിക്കുന്നവരിൽ ഏറ്രവും മുന്നിലുള്ള സംഘമാണ്.
നല്ലത്, നാലൊഴികെ
ഇപ്പോഴും തലവേദനയായി തുടരുന്ന നാലാം നമ്പരിൽ ആര് ബാറ്രിംഗിനിറങ്ങുമെന്നാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്. നാലാം നമ്പറിലിറക്കാൻ ടീമിലെടുത്ത വിജയ് ശങ്കറിന് ഇന്നലെ പരിശീലത്തിനിടെ പരിക്കേറ്റത് ഇന്ത്യൻ ക്യാമ്പിന് തിരിച്ചടിയായി.
വിജയ് ശങ്കറിനെയും കെ.എൽ. രാഹുലിനെയും ദിനേഷ് കാർത്തിക്കിനെയുമാ നാലാം നമ്പറിലേക്ക് പരിഗണിക്കുന്നത്. വിജയ് ശങ്കർ ഐ.പി.എല്ലിൽ നിറം മങ്ങിയതിനെ തുടർന്നാണ് ഫോമിലുള്ളതും ഏത് പൊസിഷനിലും ഉപയോഗപ്പെടുത്താവുന്ന താരവുമായ രാഹുലിനും പരിചയസമ്പന്നനായ കാർത്തിക്കിനും നാലാം നമ്പറിലേക്ക് പരിഗണന കിട്ടാൻ കാരണം.
രോഹിത് ശർമ്മ, ശിഖർ ധവാൻ, വിരാട് കൊഹ്ലി എന്നീ ലോകോത്തര മുൻ നിരതാരങ്ങളാണ് ആദ്യ മൂന്ന് നമ്പറുകളിൽ വരുന്നത്.കളിയുടെ ഗതി ഒറ്റയ്ക്ക് തിരിക്കാൻ കഴിവുള്ള ലോകത്തിലെ തന്നെ നിലവിലെ ഏറ്രവും മികച്ച ബാറ്റ്സ്മാൻമാരായ മൂവരുടെയും സാന്നിധ്യം ടീം ഇന്ത്യയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല.
പരിചയ സമ്പന്നനായ മഹേന്ദ്രസിംഗ് ധോണി, വൺഡേ സ്പെഷ്യലിസ്റ്ര് കേദാർ ജാദവ്, വമ്പനടിക്കാരൻ ഹാർദ്ദിക് പാണ്ഡ്യ എന്നിവർ കൂടി ഉൾപ്പെടുന്ന ഇന്ത്യയുടെ ബാറ്റിംഗ് നിര ഏത് ടീമിനും തലവേദനയാണ്.
വൈവിധ്യം ബൗളിംഗ്
വൈവിധ്യമുള്ളതും മൂർച്ചയേറിയതുമാണ് ബൗളിംഗ് ഡിപ്പാർട്ട്മെന്റ്. ബുംറയും ഭുവനേശ്വരും ഷാമിയും അടങ്ങുന്ന പേസ് ബൗളിംഗ് നിരയ്ക്ക് ഇന്നത്തെ പരിശീലന മത്സരം നിർണായകമാണ്. ആൾറൗണ്ടറായ ഹാർദ്ദിക് പാണ്ഡ്യയും കൂടി ഉൾപ്പെടുന്ന ഇന്ത്യയുടെ പേസ് നിര കടലാസിൽ പുലികൾ തന്നെയാണ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ ഇന്ത്യൻ ബൗളർമാർ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. നിലവിൽ ഇംഗ്ലണ്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശീലന മത്സരങ്ങൾ പലതും ബൗളർമാർക്ക് കഠിനമായിരുന്നു.
അവിടത്തെ സാഹചര്യമനുസരിച്ച് ലോകകപ്പിൽ മൂന്ന് പേസർമാരെയും ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറെയുമാണ് ഇന്ത്യ ആദ്യ ഇലവനിൽ കളിപ്പിക്കാൻ സാധ്യത. അങ്ങനെ വന്നാൽ യൂസ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ് എന്നിവരിൽ ഒരാൾക്കെ അവസരം ലഭിക്കൂ. ഐ.പി.എല്ലിൽ ഇരുവർക്കും തങ്ങളുടെ യഥാർത്ഥ നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞില്ല. ചഹാൽ ആയിരുന്നു തമ്മിൽ ഭേദം.
കുൽദീപ് കൊൽക്കത്ത നെറ്ര് റൈഡേഴ്സിന്റെ ജേഴ്സിയിൽ ഇത്തവണ ഏറെ നിരശപ്പെടുത്തി. എന്നാൽ ഏകദിനത്തിൽ ഇരുവരും തങ്ങളുടെ യഥാർത്ഥ റേഞ്ചിലേക്ക് ഉയരും എന്ന് തന്നെയാണ് പ്രതീക്ഷ. ഐ.പി.എല്ലിൽ ഇരുവർക്കും തങ്ങളുടെ ടീമുകളിൽ ഉണ്ടായിരുന്ന മറ്റ് ബൗളർമാരിൽ നിന്ന് വേണ്ട പിന്തുണ ലഭിച്ചിരുന്നില്ല. എന്നാൽ ഇന്ത്യൻ ടീമിൽ പേസർമാർ പിന്തുണ കൊടുത്താൽ ഫ്ലാറ്ര് വിക്കറ്റുകളിൽ പോലും ഇരുവരും അപകടകാരികൾ ആയേക്കാം. മറ്റുള്ളവരിൽ നിന്ന് പിന്തുണ ലഭിക്കുമ്പോഴാണ് ചഹാലും കുൽദീപും ഏറെ അപകടകാരികൾ ആകുന്നത്.
കടുപ്പം കിവികൾ
കേൻ വില്യംസണിന്റെ കീഴിൽ കഴിഞ്ഞ തവണ ഫൈനലിൽ കൈവിട്ട കിരീടം തിരിച്ചു പിടിക്കാനാണ് ന്യൂസിലൻഡ് ഇംഗ്ലണ്ടിൽ എത്തിയിരിക്കുന്നത്. മികച്ച ബാറ്ര്സ്മാൻമാരും ബൗളർമാരും ഉൾപ്പെട്ട കിവികൾ ഇത്തവണയും വലിയ പ്രതീക്ഷയിലാണ്. അടുത്ത കാലത്ത് ഏകദിനങ്ങൾ കളിച്ചിട്ടില്ലെന്നത് മാത്രമാണ് അവരുടെ പോരായ്മ. ഫെബ്രുവരി 19ന് ബംഗ്ലാദേശിനെതിരെയാണ് ന്യൂസിലൻഡ് അവസാനമായി ഏകദിനം കളിച്ചത്.
അതിനാൽ തന്നെ ലോകകപ്പിന് മുൻപ് ഇന്ത്യയെപ്പോലെ കരുത്തരായ സംഘത്തിനെതിരെ പരിശീലന മത്സരത്തിന് അവസരം ലഭിച്ചത് ഏറെ നല്ലകാര്യമാണെന്നാണ് കഴിഞ്ഞ ദിവസം അവരുടെ സൂപ്പർ താരം റോസ് ടെയ്ലർ പറഞ്ഞത്. ഒന്നിച്ച് കളിച്ചിട്ട് ഏറെ നാളായെന്നതിന്റെ കുറവ് ഈ മത്സരത്തിലൂടെ മറികടന്ന് ഒത്തിണക്കം വീണ്ടെടുക്കാനാകുമെന്ന് നാകൻ വില്യംസണും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ടീം:
ഇന്ത്യ: കൊഹ്ലി, രോഹിത്, ധവാൻ, ശങ്കർ, രാഹുൽ, കാർത്തിക്, ധോണി, ജാദവ്, ഹാർദ്ദിക്,
ജഡേജ, കുൽദീപ്,ചഹാൽ, ഭുവനേശ്വർ, ഷാമി, ബുംറ.
ന്യൂസിലൻഡ്: വില്യംസൺ, ബ്ലൻഡ്ൽ ബൗൾട്ട്, ഗ്രാൻഡ്ഹോമെ, ഫെർഗൂസൻ, ഗപ്ടിൽ, ഹെൻറി, ലതാം, മൂൺറോ,നീഷം, നിക്കോളാസ്, സാന്റ്നർ,സോധി, സൗത്തി,ടെയ്ലർ.
1-ാം റാങ്ക്
ഐ.സി.സി ഏകദിനത്തിൽ ബാറ്റ്സ്മാൻമാരിൽ വിരാട് കൊഹ്ലിയാണ് ഒന്നാം റാങ്കിൽ ഉള്ളത്. ബൗളർമാരിൽ ജസ്പ്രീത് ബുംറയും. ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിൽ രോഹിത് ശർമ്മ രണ്ടാം സ്ഥാനത്തുണ്ട്.