fb

ന്യൂഡൽഹി: സ്വന്തം രാജ്യത്തെ ജനങ്ങളുടെ വിവരങ്ങൾ തേടി സർക്കാരുകൾ ഫേസ്‌ബുക്കിന് നൽകുന്ന അപേക്ഷകളുടെ എണ്ണം കൂടുന്നു. 2018ന്റെ രണ്ടാംപകുതിയിൽ 1.10 ലക്ഷം അപേക്ഷകളാണ് ആഗോളതലത്തിൽ ലഭിച്ചതെന്ന് ഫേസ്‌ബുക്ക് വ്യക്തമാക്കി. ആദ്യപകുതിയിലെ 1.03 ലക്ഷത്തെ അപേക്ഷിച്ച് ഏഴു ശതമാനമാണ് വർദ്ധന. അമേരിക്കൻ സർക്കാരാണ് ഫേസ്‌ബുക്കിന് ഏറ്റവുമധികം അപേക്ഷകൾ സമർപ്പിച്ചത്. ഇന്ത്യ രണ്ടാമതാണ്. ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ് എന്നിവയാണ് യഥാക്രമം ഇന്ത്യയ്ക്ക് പിന്നിലുള്ളത്.

അതത് രാജ്യത്തെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഫേസ്‌ബുക്കിൽ നിന്ന് നീക്കം ചെയ്യുന്ന 'കണ്ടന്റുകളുടെ" എണ്ണം 15,337ൽ നിന്ന് 35,972 ആയി വർദ്ധിച്ചു. 135 ശതമാനമാണ് വർദ്ധന. ഡൽഹി ഹൈക്കോടതിയുടെ ഒരു വിധി പ്രകാരം ഇന്ത്യയിൽ മാത്രം 16,600 കണ്ടന്റുകൾ നീക്കം ചെയ്‌തു. ഇന്റർനെറ്ര് തകരാർമൂലം 2018ന്റെ രണ്ടാംപകുതിയിൽ ഇന്ത്യയടക്കം ഒമ്പതു രാജ്യങ്ങളിലായി 53 തവണ ഫേസ്‌ബുക്ക് സേവനങ്ങൾക്ക് തടസമുണ്ടായി. ഇതിൽ 85 ശതമാനവും സംഭവിച്ചത് ഇന്ത്യയിലാണ്.