rajeev-kumar

ന്യൂഡൽഹി: കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണർ രാജീവ് കുമാറിന് വീണ്ടും തിരിച്ചടി. ശാരദാ ചിട്ടിത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി വിധിയുടെ കാലാവധി നീട്ടണമെന്ന ആവശ്യം കോടതി തള്ളി. രാജീവിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതി മുൻവിധിയുടെ കാലാവധി ഇന്നലെ അവസാനിച്ചു. മുൻകൂർ ജാമ്യാപേക്ഷയിൽ വിചാരണകോടതി തീരുമാനം എടുക്കട്ടെയെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിശ്വസ്തരിൽ പ്രധാനിയായ രാജീവിനെതിരായ കോടതി നീക്കം മമതയ്ക്കും ക്ഷീണമാണ്.

1989 പശ്ചിമ ബംഗാൾ കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിനായിരുന്നു ശാരദ ചിട്ടി തട്ടിപ്പു കേസിന്റെ പ്രത്യേക അന്വേഷണ ചുമതല ഉണ്ടായിരുന്നത്. കേസിൽ നഷ്ടപ്പെട്ട ഫയലുകളെക്കുറിച്ച് ചോദിച്ചറിയാൻ സി.ബി.ഐ രണ്ടു വട്ടം രാജീവ് കുമാറിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

കേസ് വൈകിപ്പിക്കാനും ഇല്ലാതാക്കുവാനുമുള്ള ശ്രമങ്ങളിൽ രാജീവ് കുമാറിന് പങ്കുണ്ടെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ചിട്ടി തട്ടിപ്പു കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി 2013 ലാണ് രാജീവ് കുമാർ നിയമിതനാകുന്നത്. രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

എന്നാല്‍ പിന്നീട് സി.ബി.ഐ രാജീവ് കുമാറിനെ വിശദമായി ചോദ്യം ചെയ്തിരുന്നു.

ശാരദ ചിട്ടിഫണ്ട് കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ റിപ്പോർട്ടിൽ രാജീവ് കുമാറിനെതിരെ അതീവ ഗുരുതരമായ വിവരങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.