ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യം മുഴുവൻ ആഞ്ഞടിച്ച മോദി തരംഗത്തിൽ നിന്ന് കേരളം മാത്രം മാറിനിന്നിരുന്നു. കേരളത്തിൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനാവാത്തത് സംസ്ഥാന നേതൃത്വത്തിനും നിരാശയുണ്ടാക്കിയിരുന്നു. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈൻ.
കേരളത്തിൽ അടുത്ത തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഷാനവാസ് ഹുസൈൻ പറഞ്ഞു. വയനാട്ടിലേക്ക് ഒളിച്ചോടിയത് കൊണ്ടാണ് അമേത്തിയിൽ രാഹുൽ പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ത്രിപുര ആവർത്തിക്കുമെന്ന് ഷാനവാസ് ഹുസൈൻ പറഞ്ഞു. ലോക്‌സഭയില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാനായില്ല. പക്ഷേ ബിജെപി ഈ നില മാറ്റിമറിക്കും. ത്രിപുരയിൽ സംഭവിച്ചത് പോലെ അടുത്തതവണ വൻവിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. ഇ.വി.എമ്മുകളെ പഴിച്ച് തോൽവി മറയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഷാനവാസ് ഹുസൈൻ പറഞ്ഞു.
അതേസമയം കേരളത്തിൽരണ്ട് സീറ്റ് വരെ നേടുമെന്നാണ് ബി.ജെ.പി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരുന്ന ഉറപ്പ്. അതേസമയം കേരളത്തിൽ നിന്ന് ഒരു സീറ്റ് ലഭിച്ചില്ലെങ്കിലും ബി.ജെ.പിയുടെ വോട്ട് ശതമാനത്തിൽ വൻവർദ്ധന ഉണ്ടായിട്ടുണ്ട്. കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും സുരേഷ് ഗോപിയും അടക്കമുള്ള സ്ഥാനാർത്ഥികൾക്ക് വോട്ടുശതമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ബിജെപി പ്രതീക്ഷ വെച്ച മണ്ഡലമായ പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിജയിക്കാൻ സാധിക്കാത്തതാണ് പാർട്ടിയെ നിരാശപ്പെടുത്തുന്നത്.