കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ എവറസ്റ്റിലെ ട്രാഫിക് ജാമിൽ കുടുങ്ങി രണ്ട് സ്ത്രീകളടക്കം പർവതാരോഹകരായ മൂന്ന് ഇന്ത്യാക്കാർ മരിച്ചു. പർവതത്തിൽനിന്ന് തിരിച്ചിറങ്ങുന്നതിനിടയിലാണ് സംഭവം. പർവതാരോഹകരുടെ അസാധാരണമായ തിക്കിലും തിരക്കിലും മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നതോടെ നിർജലീകരണം മൂലമാണ് മൂന്നുപേരുടെയും മരണം സംഭവിച്ചത്.
പൂനെ സ്വദേശി നിഹാൽ അഷ്പാഗ് (27), മുംബയ് സ്വദേശി അഞ്ജലി ഷെരാദ്(54), ഒഡീഷ സ്വദേശി കൽപന ദാസ് എന്നിരവരാണ് മരിച്ചത്. ഇതോടെ ഒരാഴ്ചക്കകം എവറസ്റ്റിൽ മരിച്ചവരുടെ എണ്ണം ആറായി. ബുധനാഴ്ച 200 മലകയറ്റക്കാർ ഒന്നിച്ചെത്തിയതോടെയാണ് ട്രാഫിക് ജാമിന് സമാനമായ അവസ്ഥ എവറസ്റ്റിൽ രൂപപ്പെട്ടത്. 200പേരിൽ എത്രപേർ മുകളിലെത്തിയെന്ന് വ്യക്തമല്ല. ഈ സീസണിൽ വിവിധ രാജ്യങ്ങളിൽനിന്നായി 381 പേർക്കാണ് എവറസ്റ്റ് കയറാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. മാർച്ചിൽ തുടങ്ങി ജൂണിൽ അവസാനിക്കുന്നതാണ് സീസൺ.