crime-

കൊല്ലം: പതിനാറുകാരിയായ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ ശേഷം ലൈംഗികമായി ഉപയോഗിച്ചയാൾക്ക് വിവിധ വകുപ്പുകളിലായി 43 വർഷം കഠിനതടവും ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിറവന്തൂർ ചീവേട് തടത്തിൽ വീട്ടിൽ സുനിൽ കുമാറിനെയാണ് (44) കൊല്ലം ഫസ്റ്റ് അഡിഷണൽ സെഷൻസ് (പോക്‌സോ) കോടതി ജഡ്ജി ഇ. ബൈജു ശിക്ഷിച്ചത്.

2017 ജൂലായ് 29ന് പുലർച്ചെ രണ്ടിന് പുനലൂർ നല്ലംകുളത്താണ് കേസിനാസ്പദമായ സംഭവം. വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തുകടന്ന പ്രതി ഉറങ്ങികിടന്ന പെൺകുട്ടിയുടെ കഴുത്തിൽ കയർ കൊണ്ട് വരിഞ്ഞ് കൊലപ്പെടുത്തിയ ശേഷം മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ സ്വർണമാല കവർന്നു.


ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഭവന ഭേദനത്തിനും പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ചക്കും പത്ത് വർഷം വീതം കഠിന തടവും 50,000 രൂപ പിഴയും കൊലപാതകത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കവർച്ചയ്ക്ക് 6 വർഷം തടവും 25,000 രൂപ പിഴയും ലൈംഗിക കടന്നുകയ​റ്റത്തിന് 10 വർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. കൂടാതെ തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും ഉൾപ്പെടെയാണ് 43 വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷം കൂടി വെറും തടവും അനുഭവിക്കണം. ഭവനഭേദനത്തിനും കവർച്ചയ്‌ക്കുമുളള ശിക്ഷ ഒരുമിച്ചും മ​റ്റ് ശിക്ഷകൾ പ്രത്യേകവും അനുഭവിക്കണം.


പെൺകുട്ടിയുടെ അച്ഛനെ സംശയ നിഴലിൽ നിർത്തിയിരുന്ന കേസ് നാട്ടുകാർ മുഖ്യമന്ത്റിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഡി​റ്റക്ടീവ് ഇൻസ്‌പെക്ടർ ജി. ജോൺസൺ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർമാരായ മഹേഷ്‌കുമാർ, ഗിരീഷ്‌കുമാർ, സിവിൽ പൊലീസ് ഓഫീസർ എസ്. സൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി കെ.പി. ജബ്ബാർ, സുഹോത്രൻ, അമ്പിളി ജബ്ബാർ, പി.ബി. സുനിൽ എന്നിവർ ഹാജരായി.