ബ്രിസ്റ്റോൾ: ലോകകപ്പിന് മുൻപുള്ള സന്നാഹമത്സരത്തിൽ ഇന്നലെ പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന് 3 വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്ര് ചെയ്ത പാകിസ്ഥാൻ 47.5 ഓവറിൽ 262 റൺസിന് ആൾഔട്ടായി. മറുപടിക്കിറങ്ങിയ അഫ്ഗാനിസ്ഥാൻ 2 പന്ത് ശേഷിക്കെ 49.4 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു ( 263/7 ). അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ ക്ഷമയോടെ ബാറ്റ് ചെയ്ത ഹഷ്‌മദുള്ള ഷഹീദിയാണ് അഫ്ഗാന്റെ വിജയ ശില്പി. 102 പന്ത് നേരിട്ട് 7 ഫോറുൾപ്പെടെ ഷഹീദി 74 റൺസ് നേടി. ഹർസത്തുള്ള സസായ് (49), മുഹമ്മദ് നബി (34), റഹ്മത്ത് ഷാ (32) എന്നിവരും അഫ്ഗാനായി നന്നായി ബാറ്റ് ചെയ്തു. വഹാബ് റിയാസ് പാകിസ്ഥാനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. സെഞ്ച്വറി നേടിയ ബാബർ അസമാണ് പാകിസ്ഥാൻ നിരയിൽ തിളങ്ങിയത്. മികച്ച ഫോമിലുള്ള അസം 108 പന്തിൽ നിന്ന് 112 റൺസ് നേടി. 10 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് അസമിന്റെ ഇന്നിംഗ്സ്. ഷൊയിബ് മാലിക്ക് 4 ഫോറും 1 സിക്സും ഉൾപ്പെടെ 59 പന്തിൽ 44 റൺസ് നേടി. ഓപ്പണർ ഇമാം ഉൾഹക്ക് 32 റൺസെടുത്തു. എന്നാൽ പാക് ബാറ്രിംഗ് നിരയിലെ മറ്റുള്ളവർക്ക് തിളങ്ങാനായില്ല. മുഹമ്മദ് നബി അഫ്ഗാനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ദക്ഷിണാഫ്രിക്കയ്ക്ക് ജയം
കാർഡിഫ്: മറ്റൊരു സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 87 റൺസിന് ശ്രീലങ്കയെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് നേടി. മറുപടിക്കിറങ്ങിയ ശ്രീലങ്ക 42.3 ഓവറിൽ 251 റൺസിന് ആൾഔട്ടാവുകയായിരുന്നു. ക്യാപ്ടൻ ദിമുത്ത് കരുണാരത്നെ (87), എൻജലോ മാത്യൂസ് (64), കുശാൽ മെൻഡിസ് (37) എന്നിവർക്ക് മാത്രമാണ് ലങ്കൻ ബാറ്രിംഗ് നിരയിൽ പിടിച്ചു നിൽക്കാനായുള്ളൂ.
നേരത്തേ ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്‌ടൻ ഫാഫ് ഡുപ്ലെസിസ് 69 പന്തിൽ 7 ഫോറും 4 സിക്സും ഉൾപ്പെടെ 88 റൺസ് നേടി. അംല 65ഉം ഡുസൻ 40ഉം പെഹുൽക്വാവോ 35ഉം റൺസ് നേടി.