pragya-

ഞെട്ടിക്കുന്ന രണ്ടു വിജയങ്ങൾ. ഭോപ്പാലിൽ ബി.ജെ.പി സ്ഥാനാർത്ഥി പ്രജ്ഞാ സിംഗിന്റെയും, യു.പിയിലെ റംപൂരിൽ എസ്.പി സ്ഥാനാർത്ഥി അസം ഖാന്റെയും ജയങ്ങൾ. ഇരുവരും പ്രചാരണ വേളയിൽ വിവാദ പ്രസംഗങ്ങളുടെ പേരിൽ പഴി കേട്ടവർ. തിരഞ്ഞെടുപ്പു കമ്മിഷന്റെ താക്കീത് ഏറ്റുവാങ്ങിയവർ.

മലേഗാവ് സ്‌ഫോടനക്കേസിൽ പ്രതിയായ പ്രജ്ഞാ സിംഗ് തോൽപ്പിച്ചത് കോൺഗ്രസ് കരുത്തനായ ദിഗ്‌വിജയ് സിംഗിനെ. ഭൂരിപക്ഷം: 3,64,822. രാംപൂരിൽ അസം ഖാൻ തറപറ്റിച്ചത് ബി.ജെ.പി സ്ഥാനാർത്ഥി ജയപ്രദയെ. ഭൂരിപക്ഷം: 1,09,997.

പ്രജ്ഞാസിംഗിന്റെ വിവാദ പ്രസംഗം: നാഥുറാം ഗോഡ്‌സെ (ഗാന്ധിയുടെ ഘാതകൻ) ദേശഭക്തനായിരുന്നു. എക്കാലത്തും അദ്ദേഹം അങ്ങനെതന്നെ ഓർമ്മിക്കപ്പെടും. ഗോഡ്‌സെയെ തീവ്രവാദിയായി ചിത്രീകരിക്കുന്നവർ ആ അഭിപ്രായം പുനരാലോചിക്കണം. അവർക്ക് ഈ തിര‌ഞ്ഞെടുപ്പ് മറുപടി നൽകും.

അസം ഖാന്റെ അപകീർത്തി പ്രസംഗം: സമാജ്‌വാദി പാർട്ടിയെ വഞ്ചിച്ച ജയപ്രദയുടെ തനിനിറം അറിയാൻ ജനങ്ങൾക്ക് പതിനേഴു വർഷം വേണ്ടിവന്നു. പക്ഷേ, പതിനേഴു ദിവസം കൊണ്ട് ഞാൻ തിരിച്ചറിഞ്ഞു, അവരുടെ അടിവസ്ത്രം കാക്കിയാണെന്ന്!