ന്യൂഡൽഹി: കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ വ്യാഴാഴ്ച അധികാരമേൽക്കും. സത്യപ്രതിജ്ഞയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. മോദി സർക്കാരിന്റെ രണ്ടാമൂഴം ആരംഭിക്കുന്നത് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകർ. സർക്കാർ രൂപീകരണത്തിന് മുന്നോടിയായി മോദി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാജിക്കത്ത് നല്‍കി. പതിനാറാം ലോക്സഭ പിരിച്ച് വിടാൻ ഇന്നുവൈകിട്ട് നടന്ന കേന്ദ്രമന്ത്രി സഭ പ്രമേയം പാസാക്കി.
രാഷ്ട്രപതി ഭവനിൽ ആഘോഷത്തോടെയാകും മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്യുക. . എൻ.ഡി.എയുടെ എല്ലാ എം.പിമാരോടും നാളെയും മറ്റെന്നാളുമായി ഡൽഹിയിലെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. മോദിയുമായി അടുത്ത സുഹൃദം സൂക്ഷിക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്നിവർ സത്യപ്രതിജ്ഞാച്ചടങ്ങിനെത്തുമെന്നാണ് സൂചന.
മോദിയും അമിത് ഷായും രാവിലെ അദ്വാനിയെയും ജോഷിയെയും അവരുടെ വസതികളിലെത്തി സന്ദർശിച്ചിരുന്നു. മുതിർന്ന നേതാക്കളുടെ പ്രവർത്തനമാണ് ബിജെപിയുടെ വിജയത്തിന് അടിസ്ഥാനമെന്ന് മോദി ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച്ച മോദി സ്വന്തം മണ്ഡലമായ വാരാണസിയിൽ പോകും. കാശി വിശ്വനാഥക്ഷേത്രത്തിൽ ദർശനം നടത്തും. ബുധനാഴ്ച സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെത്തും. മന്ത്രിസഭാ രൂപീകരണം ചർച്ച ചെയ്യാൻ ശിവസേന തലവൻ ഉദ്ധവ് താക്കറെ അടക്കമുള്ള എൻ.ഡി.എ നേതാക്കൾ നാളെ അമിത് ഷായെ കാണും.