തിരുവനന്തപുരം: കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിലായതോടെ, വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിന്റെ നേരറിയാൻ സി.ബി.ഐ തലസ്ഥാനത്തേക്കെത്തും. രാജ്യത്ത് ഏറ്റവുമധികം സ്വർണക്കടത്ത് നടത്തുന്ന വിമാനത്താവളമായി തിരുവനന്തപുരം മാറിയതെങ്ങനെയെന്ന് സി.ബി.ഐ അന്വേഷിക്കും. കസ്റ്റംസ്, സി.ഐ.എസ്.എഫ്, എമിഗ്രേഷൻ ബ്യൂറോ, വിമാനത്താവള അതോറിട്ടി ജീവനക്കാർ എന്നിവരെല്ലാം അന്വേഷണപരിധിയിലുണ്ടാവും. സി.ബി.ഐ കൊച്ചി യൂണിറ്റോ ചെന്നൈയിലെ ദക്ഷിണ ജോയിന്റ് ഡയറക്ടറുടെ മേൽനോട്ടത്തിലോ ആവും അന്വേഷിക്കുക. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ അഴിമതി, കള്ളക്കടത്ത് കേസുകളിൽ ഉൾപ്പെട്ടാൽ സി.ബി.ഐക്ക് സ്വമേധയാ കേസെടുക്കാനാവും.
ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസാണ് (ഡി.ആർ.ഐ) നിലവിൽ സ്വർണക്കടത്ത് കേസന്വേഷിക്കുന്നത്. സൂപ്രണ്ടിന്റെ അറസ്റ്റൊഴിവാക്കാൻ ഡി.ആർ.ഐയെ സമ്മർദ്ദത്തിലാക്കിയെന്നും കസ്റ്റംസ്- ഡി.ആർ.ഐ ഒത്തുകളിയുണ്ടെന്നുമെല്ലാം പ്രചാരണങ്ങളുണ്ടായെങ്കിലും വ്യാഴാഴ്ച അതീവരഹസ്യമായി സൂപ്രണ്ട് രാധാകൃഷ്ണനെ ഡി.ആർ.ഐ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇക്കാര്യം കേന്ദ്രസർക്കാരിനെയും സി.ബി.ഐയെയും അറിയിച്ചിട്ടുണ്ട്. സർക്കാരിന് നഷ്ടമുണ്ടായതിന് പുറമേ സ്വർണക്കടത്തിനു പിന്നിലെ അഴിമതിയും സി.ബി.ഐ അന്വേഷിക്കും. കസ്റ്റംസ്, എമിഗ്രേഷൻ, വിമാനത്താവള അതോറിട്ടി എന്നിവയെല്ലാം കേന്ദ്രസർക്കാരിനു കീഴിലായതിനാലാണ് സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക. ഇതുവരെയുള്ള അന്വേഷണവിവരങ്ങൾ സി.ബി.ഐക്ക് കൈമാറുമെന്ന് ഡി.ആർ.ഐ വ്യക്തമാക്കി.
ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സി.ബി.ഐക്ക് ഒരു സംസ്ഥാനത്ത് അന്വേഷണം നടത്തണമെങ്കിൽ അവിടത്തെ സർക്കാരിന്റെ അനുമതി ആവശ്യമാണ്. പൊതുവായ അനുമതിക്കുപുറമേ ഓരോ കേസിലും അനുമതിവേണം. പക്ഷേ, കേന്ദ്ര ഉദ്യോഗസ്ഥരുൾപ്പെട്ട കേസായതിനാൽ ഇത് ബാധകമല്ല. സ്വർണക്കടത്ത് വൻതോതിൽ വർദ്ധിച്ചതോടെ വിവരം കൈമാറുന്നവർക്ക് കസ്റ്റംസ് (എയർപോർട്ട് ആൻഡ് എയർകാർഗോ വിഭാഗം) റിവാർഡ് പ്രഖ്യാപിച്ച് കടത്തുകാരെ കുടുക്കാൻ കാത്തിരിക്കവേയാണ് കസ്റ്റംസ് സൂപ്രണ്ടുതന്നെ സ്വർണക്കടത്തിന് പിടിയിലായത്. സ്വർണക്കടത്തിനെക്കുറിച്ചുള്ള രഹസ്യവിവരം നൽകിയാൽ പിടികൂടുന്ന ഒരുകിലോ സ്വർണത്തിന് ഒന്നരലക്ഷമാണ് കസ്റ്റംസ് പ്രതിഫലം നൽകുന്നത്. നേരത്തേ ഇത് 50,000 രൂപയായിരുന്നു. 70 കിലോഗ്രാം സ്വർണം കടത്തിയതിന് സൂപ്രണ്ട് ഒത്താശ ചെയ്തെന്നാണ് ഡി.ആർ.ഐ പറയുന്നത്. വിമാനത്താവളത്തിൽ കഴിഞ്ഞ പതിനെട്ടു മാസത്തിനിടെ 5000 പവൻ സ്വർണം പിടികൂടിയിരുന്നു. ഇതിന്റെ നിരവധിയിരട്ടി സ്വർണം കടത്തിക്കൊണ്ടുപോയെന്നാണ് ഡി.ആർ.ഐ നിഗമനം. കഴിഞ്ഞവർഷം 76 കേസുകളിലായി 3500 പവനോളം സ്വർണം പിടികൂടിയിരുന്നു. സ്വർണക്കടത്ത് സംഘങ്ങൾ വീണ്ടും സജീവമായെന്ന് കസ്റ്റംസ് ഇന്റലിജൻസ് തന്നെ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ട് ഏറെക്കാലമായില്ല. ഇതിനു പിന്നാലെ ദുബായിൽ നിന്നെത്തിയ കണിയാപുരത്തെ ജുവലറിയുടമയിൽ നിന്ന് അഞ്ചുകിലോ സ്വർണബിസ്കറ്റ് പിടിച്ചിരുന്നു. ഓരോ കിലോഗ്രാം തൂക്കമുള്ള സ്വർണബിസ്കറ്റുകൾ പാന്റ്സിന്റെ പോക്കറ്റിലൊളിപ്പിച്ചാണ് കടത്തിയത്. ഈ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
വൻകിട ജുവലറികൾക്ക് വേണ്ടിയാണ് സ്വർണക്കടത്ത്. വിമാനത്താവളങ്ങളിൽ പിടിയിലാവുന്നവർ കാരിയർമാരാണ്. നാട്ടിലേക്കുള്ള ടിക്കറ്റും സ്വർണത്തിന്റെ തൂക്കം കണക്കാക്കിയുള്ള കമ്മിഷനുമാണ് ഇവർക്ക് ലഭിക്കുക. കാരിയർക്ക് സ്വർണം കൊടുത്തുവിട്ടയാളെക്കുറിച്ചോ ആർക്കു വേണ്ടിയാണ് സ്വർണം കൊണ്ടുവന്നതെന്നതിനെക്കുറിച്ചോ ഒന്നുമറിയില്ല. വിമാനത്താവളത്തിന് പുറത്ത് സ്വർണം ഏറ്റുവാങ്ങാനുള്ള ആളിന്റെ കോഡ് മാത്രമാവും കാരിയർക്ക് അറിയുക. ഉന്നത ഉദ്യോഗസ്ഥർക്ക് ജുവലറികളിൽ പങ്കുകച്ചവടമുണ്ടെന്ന് ഡി.ആർ.ഐ കണ്ടെത്തിയിട്ടുണ്ട്. ഒരുകോടിയിലധികം വിലയുള്ള സ്വർണം കടത്തിയാലേ കള്ളക്കടത്ത് തടയൽ നിയമപ്രകാരം ജയിലിലാക്കാനാവൂ. 20 ലക്ഷത്തിനു മുകളിലുള്ള സ്വർണം നികുതിയടയ്ക്കാതെ കടത്തിയാലേ അറസ്റ്റ് പോലും പാടുള്ളൂ. ഈ പഴുതുകൾ മുതലെടുത്തായിരുന്നു നേരത്തേയുള്ള ചെറിയതോതിലുള്ള സ്വർണക്കടത്ത്. എന്നാൽ ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചതോടെ 25 കിലോ വരെ സ്വർണം ഹാൻഡ്ബാഗിൽ കൊണ്ടുവരികയായിരുന്നു.
സി.ബി.ഐ കേസുകൾ
തലസ്ഥാനത്ത് സി.ബി.ഐ അന്വേഷിക്കുന്ന കേസുകളിൽ കടകംപള്ളി ഭൂമിതട്ടിപ്പു കേസാണ് പ്രധാനം. പാറശാലയിൽ ശ്രീജീവിനെ കസ്റ്റഡിയിൽവച്ച് പൊലീസുകാർ കൊലപ്പെടുത്തിയെന്ന കേസും സി.ബി.ഐ അന്വേഷണത്തിലാണ്. ഫോർട്ട് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ പ്രതികൾക്ക് സി.ബി.ഐ ശിക്ഷവാങ്ങി നൽകി. അതേസമയം, തിരുവനന്തപുരം സ്വദേശികൾ മുഖ്യപ്രതികളായ ആനവേട്ടക്കേസ് പലവട്ടം ആവശ്യപ്പെട്ടിട്ടും സി.ബി.ഐ ഏറ്റെടുത്തിട്ടില്ല.
സി.ബി.ഐ വന്നാൽ
1) ഡി.ആർ.ഐയുടെ എഫ്.ഐ.ആർ റീ രജിസ്റ്റർ ചെയ്യും
2) കള്ളക്കടത്തിലെ നഷ്ടം, അഴിമതി വിശദമായി അന്വേഷിക്കും
3) തെളിവുകൾ കണ്ടെടുക്കാൻ കൂടുതൽ സംവിധാനം
4) വിദേശത്തടക്കം നിഷ്പ്രയാസം അന്വേഷണം നടത്താം