തിരുവനന്തപുരം : ഓൺലൈൻ ഫുഡ് ഡെലിവറിയുടെ മറവിൽ നഗരത്തിൽ ലഹരിവ്യാപാരം പെരുകുന്നു. യൂബർ ഈറ്റ്സ്, സ്വഗിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിക്കാരുടെ പേരിലാണ് വ്യാജൻമാർ കഞ്ചാവും ഹാഷിഷും ഉൾപ്പെടെയുള്ള ലഹരിയുമായി നഗരത്തിൽ ചീറിപ്പായുന്നത്. കൊച്ചിയിൽ അടുത്തിടെ രണ്ട് വ്യാജ ഓൺലൈൻ ഫുഡ് ഡെലിവറിക്കാർ ഹാഷിഷ് ഓയിലുമായി എക്സൈസ് പിടിയിലായതോടെ തലസ്ഥാന നഗരത്തിലും പരിശോധന കർശനമാക്കുകയാണ്. കമ്പനികളുടെ ടീഷർട്ടും ബാഗും ഉപയോഗിച്ചാണ് വ്യാജൻമാരും വിലസുന്നത്. എന്നാൽ മൂന്ന് ആഴ്ചയ്ക്ക് മുമ്പ് കൊച്ചിയിൽ എക്സൈസ് സംഘത്തിന്റെ വാഹനപരിശോധനയ്ക്കിടെ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയുടെ പ്രതിനിധിയെന്ന് തോന്നിപ്പിക്കും വിധം വസ്ത്രധാരണം നടത്തിയിരുന്ന യുവാവിനെ സംശയാസ്പദമായി ഉദ്യോഗസ്ഥർ തടയുകയായിരുന്നു.
പെട്ടെന്ന് ഇയാൾ കൈയിലുണ്ടായിരുന്ന ബാഗ് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇതിൽ നിന്നാണ് ലഹരി ഒഴുകുന്ന പുതിയ വഴി എക്സൈസ് കണ്ടെത്തിയത്. വൻ നഗരങ്ങളായ ഗോവ, ബാംഗ്ലൂർ എന്നിവിടങ്ങൾക്ക് സമാനമായ രീതിയിലാണ് ഇപ്പോൾ നഗരത്തിലും ലഹരി കൈമാറ്റം ചെയ്യപ്പെടുന്നത്. എവിടെ നിന്നാണ് സാധനം വരുന്നതെന്ന് വാങ്ങുന്നവർക്ക് പോലും അറിയില്ല. വാട്സ് ആപ്പ്, എസ്.എം.എസ് എന്നിവയിലൂടെയാണ് ഓർഡർ നൽകുന്നത്. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളും ഷോപ്പിംഗ് മാളുകളും കേന്ദ്രീകരിച്ചാണ് സാധനങ്ങളുടെ കൈമാറ്റം നടക്കുന്നത്. പൊലീസിന് ഇതു സംബന്ധിച്ച വിവരങ്ങൾ എക്സൈസ് കൈമാറി കഴിഞ്ഞു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനും തീരുമാനിച്ചു.
ഓൺലൈൻ ഫുഡ് ഡെലിവറി നടത്തുന്നവർക്ക് പ്രത്യേക രജിസ്ട്രേഷൻ നടത്തി തിരിച്ചറിയൽ കാർഡ് നൽകുന്ന കാര്യം എക്സൈസ് ആലോചിക്കുന്നു. പൊലീസിന്റെ സഹായത്തോടെയാകും നഗരത്തിൽ ഇത് നടപ്പാക്കുന്നത്. തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ പിടികൂടി പരിശോധിക്കും.
ലഹരി ഒഴുകുന്നത് ഇങ്ങനെ
ലഹരി വിതരണക്കാർ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയിൽ പേര്, മൊബൈൽ നമ്പർ, വാഹന നമ്പർ എന്നിവ നൽകി രജിസ്റ്രർ ചെയ്യും
ഒരു ദിവസം ഒന്നോ രണ്ടോ ഡെലിവറി ഓർഡർ മാത്രം സ്വീകരിക്കും. ബാക്കി സമയം ലഹരി കൈമാറ്റം ചെയ്യും.
നഗരമദ്യത്തിലും തിരക്കേറിയ സ്ഥലങ്ങളിലും വച്ച് സാധാരണ ഭക്ഷണം കൈമാറുന്നത് പോലെ പൊതികൾ നൽകും
മയക്കുമരുന്നുകൾ കൈമാറുമ്പോൾ ഉപഭോക്താവിൽ നിന്നു പണം വാങ്ങും
ഈ തുക മൊത്തവിതരണക്കാരന് അക്കൗണ്ടിലൂടെ നൽകും
മൊത്തവിതരണക്കാരൻ ഡെലിവറി നടത്തുന്നയാൾക്ക് മൊബൈൽ വാലെറ്റിലൂടെ കമ്മിഷൻ നൽകും
നഗരത്തിൽ ലഹരി കൈമാറ്റം ചെയ്യാൻ പുതിയ മാർഗങ്ങളാണ് സ്വീകരിക്കുന്നത്. ഇതു സംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. കർശന പരിശോധനയിലൂടെ ലഹരിയുടെ വരവ് നിയന്ത്രിക്കും. - ഋഷിരാജ് സിംഗ് (എക്സൈസ് കമ്മിഷണർ)