തിരുവനന്തപുരം: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ സ്കൂൾ വിപണിയും സജീവമായി. പുത്തനുടുപ്പും പുതിയ ബാഗും കുടകളും വാട്ടർബോട്ടിലുമൊക്കെയൊരുക്കി സ്കൂൾ വിപണിയെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് നഗരത്തിലെ കച്ചവടക്കാർ. ആദ്യമായി സ്കൂളിൽ പോകുന്ന കുഞ്ഞുങ്ങളുടെ തുടക്കം മനോഹരമാക്കാൻ മത്സരിക്കുകയാണ് പ്രമുഖ കമ്പനികളെല്ലാം. ഏപ്രിൽ മുതൽ സ്കൂൾ ഉത്പന്നങ്ങളുടെ പരസ്യങ്ങളും വാഗ്ദാനങ്ങളുമൊക്കയായി കുഞ്ഞുങ്ങളുടെ ശ്രദ്ധയാകർഷിക്കാൻ പ്രമുഖ ഉത്പാദകരുടെ മത്സരമായിരുന്നു.
വിപണിയിൽ കാര്യമായ ഉണർവ് ഉണ്ടായിട്ടില്ലെന്ന പക്ഷക്കാരാണ് നഗരത്തിലെ കച്ചവടക്കാരിൽ ഒരു പക്ഷം. കച്ചവടത്തിന്റെ വലിയൊരു പങ്കും മാളുകളും വലിയ ഷോപ്പിംഗ് സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടന്നുവെന്നാണ് ചെറുകിട കച്ചവടക്കാരുടെ അഭിപ്രായം. ആവശ്യമായ എല്ലാ സാധനങ്ങളും ഒറ്റ കുടക്കീഴിൽ ലഭ്യമായപ്പോൾ കച്ചവടം അവിടേക്ക് പോയെന്നും തങ്ങളെ അത് ബാധിച്ചുവെന്നും പറയുന്നു സാഫല്യം കോംപ്ലക്സിലെ ഷൂ ഷോപ്പി ഉടമ റമീസ. സ്കൂളുകൾ ആവശ്യമായ ഉത്പന്നങ്ങൾ നൽകുന്നതും കച്ചവടത്തെ ബാധിക്കുന്നു. പിന്നെ സർക്കാരിന്റെ സംരംഭങ്ങളും വിപണിയിലുണ്ട്. വിലക്കുറവിൽ അവിടെ സാധനങ്ങൾ ലഭ്യമാകുമ്പോൾ ആളുകൾക്കും താത്പര്യം അതിനോടാകുന്നുവെന്നും പറയുന്നു മറ്റൊരു കച്ചവടക്കാരൻ.
ട്രെൻഡായി ബാഗും കുടയും
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമല്ലാതെ നിറപ്പകിട്ടാർന്നതാണ് ബാഗിന്റെ വിപണി. 400 രൂപയിൽ വില ആരംഭിക്കുന്നു. കാർട്ടൂൺ പ്രിന്റുകളുള്ള ബാഗുകൾക്കാണ് കുഞ്ഞുമനസുകളിൽ സ്ഥാനം. തങ്ങളുടെ ഇഷ്ടകഥാപാത്രങ്ങളെ അന്വേഷിച്ചാണ് കുട്ടികളെത്തുന്നതെന്ന് കച്ചവടക്കാരനായ നൗഷാദ് പറയുന്നു. കാർട്ടൂൺ കഥാപാത്രമായ ഡോറയ്ക്ക് ഇത്തവണ ആരാധകർ കുറവാണ്. ആൺകുട്ടികൾക്ക് കൂടുതൽ പ്രിയം സ്പൈഡർമാനും അവഞ്ചേഴ്സും ഒക്കെയാണ്. പെൺകുട്ടികളെ ആകർഷിക്കാൻ ഫ്രോക്ക് രൂപത്തിലുള്ള ബാഗുകൾ വരെ കടകളിലുണ്ട്. ബാഗിന്റെ കൂടെ കുട ഫ്രീയായി ലഭിക്കുന്നതും കാൽകുലേറ്ററുള്ള ബോക്സുമെല്ലാം കുട്ടികളെ ആകർഷിക്കുന്നു.
185 രൂപ മുതലാണ് കുടകൾക്ക് വില. ഇത്തവണ കുട്ടികൾ കാത്തിരുന്ന അകത്ത് ഫാനുള്ള കുട കടകളിൽ എത്തിത്തുടങ്ങിയിട്ടില്ല. കാർട്ടൂൺ പ്രിന്റുകളുള്ള കുടകൾക്കാണ് ആരാധകരേറെ. 20 രൂപയിൽ തുടങ്ങുന്ന ബോക്സുകളിലും പൗച്ചുകളിലുമെല്ലാം താരം ഇഷ്ട കഥാപാത്രങ്ങൾ തന്നെ.
സ്റ്റീലാണ് വിപണിയിലെ താരം
പ്ലാസ്റ്റിക് നിരോധനത്തിന്റെയും പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളുടെയുമൊക്കെ പ്രതിഫലനമായി പ്ലാസ്റ്രിക് വാട്ടർ ബോട്ടിലുകൾ വിപണിയിൽ നിന്ന് വിടവാങ്ങിയിരിക്കുന്നു. സ്റ്രീൽ ബോട്ടിലിനാണ് കൂടുതൽ ആവശ്യക്കാരെന്നാണ് എല്ലാ കച്ചവടക്കാരുടെയും സാക്ഷ്യം. സ്കൂൾ വിദ്യാർത്ഥികൾ മാത്രമല്ല, വലിയൊരു വിഭാഗം ജനങ്ങളും സ്റ്രീൽ ബോട്ടിലുകളാണ് ആവശ്യപ്പെടുന്നതെന്ന് സ്റ്രാച്യുവിൽ പ്രവർത്തിക്കുന്ന ത്രിവേണി സെന്ററിലെ ജീവനക്കാരി പറയുന്നു. പാത്രങ്ങളിലും സ്റ്രീൽ തന്നെ താരം.
ഉണർന്ന് വസ്ത്രവിപണിയും
സ്കൂൾ യൂണിഫോമുകളുടെ വലിയ ശേഖരമാണ് ടെക്സ്റ്റൈൽ ഷോപ്പുകൾ സ്കൂൾ വർഷാരംഭത്തിൽ ഒരുക്കിയിരിക്കുന്നത്. ഓരോ സ്കൂളിനുമനുസരിച്ച് വ്യത്യസ്തമായ മെറ്രീരിയലുകളിൽ വിവിധ വിലയിൽ യൂണിഫോം ഒരുക്കിയിട്ടുണ്ട്. കൈത്തറി മേഖലയ്ക്കും ഉണർവ് സമ്മാനിക്കുന്ന കാലം കൂടിയാണിത്. സ്കൂളിൽ യൂണിഫോം സൗജന്യമായി നൽകാനുള്ള സർക്കാർ പദ്ധതിയാണ് ഈ ഉണർവിന് കാരണം.
യൂണിഫോം തിരഞ്ഞെടുക്കുമ്പോൾ കൈത്തറി ഉത്പന്നങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന രക്ഷിതാക്കളും കൈത്തറി മേഖലയ്ക്ക് പ്രതീക്ഷയേകുന്നു.