തിരുവനന്തപുരം: ഇടിയും മിന്നലുമായി കാലവർഷത്തിന്റെ വരവറിയിച്ച് നാട്ടിലെങ്ങും മഴ പെയ്ത് തുടങ്ങി. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്കൊപ്പം മഴക്കാലത്ത് വിരുന്നെത്തുന്ന പകർച്ച വ്യാധികൾക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുന്ന തിരക്കിലാണ് ആരോഗ്യ പ്രവർത്തകർ. കുടിവെള്ള സ്രോതസുകളും പരിസരങ്ങളും മലിനമാകുന്നതാണ് മഴക്കാലത്ത് പകർച്ചവ്യാധികൾ വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം. എല്ലാ വർഷവും മഴക്കാലത്ത് നിരവധി പേരാണ് ഡെങ്കിപ്പനി, വൈറൽ പനി തുടങ്ങിയ വിവിധയിനം പനികളും മറ്റ് സാംക്രമിക രോഗങ്ങളുമായി ആശുപത്രികൾ കയറിയിറങ്ങേണ്ടി വരുന്നത്.
മഴപെയ്യുന്നതിനോടൊപ്പം പെരുകുന്ന രോഗങ്ങൾക്കെതിരെ അല്പം ശ്രദ്ധയും കരുതലുമുണ്ടെങ്കിൽ ഈ മഴക്കാലത്തെങ്കിലും പകർച്ചവ്യാധികളെ നമുക്ക് പടിക്ക് പുറത്ത് നിറുത്താം. മലിനീകരിക്കപ്പെട്ട വെള്ളവും ആഹാരവും വഴിയാണ് സാധാരണ രോഗങ്ങൾ പകരുന്നത്. വീടിനു സമീപവും മറ്റും വെള്ളം കെട്ടി കിടക്കുന്ന സാഹചര്യവും കൊതുകുകൾ വളരാനുള്ള സാഹചര്യവും ഒഴിവാക്കിയാൽ തന്നെ പകർച്ചവ്യാധികളെ ഈ മഴക്കാലത്ത് നമുക്ക് ഒരു പരിധി വരെ ഒഴിവാക്കാം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന വെള്ളക്കെട്ടുകളും അലസമായി വലിച്ചെറിഞ്ഞ മാലിന്യങ്ങളും പകർച്ചവ്യാധിക്ക് ഒരു പരിധിവരെ കാരണമാവുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
വയറിളക്കം പിടിപെട്ടാൽ തുടക്കത്തിൽ തന്നെ ചികിത്സിക്കുക.
പച്ചക്കറികൾ ശുദ്ധജലത്തിൽ നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക
ആഹാരസാധനങ്ങളും മറ്റും ഈച്ച കയറാതെ അടച്ചു സൂക്ഷിക്കുക
കിണറുകൾ കൃത്യമായ ഇടവേളകളിൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കുക.
വളംകടി പോലുള്ള രോഗങ്ങൾക്കെതിരെ കൈകാലുകൾ എപ്പോഴും ഉണക്കി സൂക്ഷിക്കുക.
പച്ചവെള്ളവും തിളപ്പിച്ച വെള്ളവും കൂട്ടിച്ചേർത്തു ഉപയോഗിക്കാതിരിക്കുക.
ആഹാരം കഴിക്കുന്നതിനു മുമ്പും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.
പൂച്ചട്ടികൾ, ട്രേകൾ, ഫ്രിഡ്ജുകൾ, എയർ കണ്ടീഷനുകൾ, കൂളറുകൾ ഇവയിൽ ശേഖരിക്കപ്പെടുന്ന വെളളം ആഴ്ചയിലൊരിക്കൽ മാറ്റുക.
സിമന്റ് ടാങ്കുകളും മറ്റ് വെള്ളം ശേഖരിക്കുന്നവയും കൃത്യമായി മൂടിവച്ച് കൊതുകിന്റെ കൂത്താടികൾ വളരുന്നില്ലെന്ന് ഉറപ്പുവരുത്തുക.
ഭക്ഷണ പദാർത്ഥങ്ങൾ മൂടിവച്ച് ഉപയോഗിക്കുകയും തണുത്തതും പഴകിയതുമായ ഭക്ഷണം ഒഴിവാക്കുകയും ചെയ്യുക.
മാലിന്യവും വെള്ളവും കെട്ടിക്കിടന്ന് ഈച്ച വളരുന്ന സാഹചര്യവും ഒഴിവാക്കുക.
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ നടന്നു കൊണ്ടിരിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്.- ഡോ. പ്രീത (ജില്ലാ മെഡിക്കൽ ഓഫീസർ)