തിരുവനന്തപുരം: പ്രിയപ്പെട്ടവരുടെ വേർപാട് പലപ്പോഴും ഭയാനകമാണ്. അത്തരം ദുഃഖങ്ങളിൽ നിന്ന് രക്ഷനേടാൻ സംഗീതത്തിന്റെയും നൃത്തത്തിന്റെയും യോഗയുടെയും ധ്യാനത്തിന്റെയുമൊക്കെ കൂട്ട് പിടിക്കുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ട്. അത്തരത്തിൽ ചിത്രങ്ങളിലൂടെ ഭർത്താവിന്റെ വേർപാടിന്റെ ദുഃഖം മായ്ച്ച് കളയാൻ ശ്രമിക്കുകയാണ് ആലപ്പുഴക്കാരി വത്സലാദേവി. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വർണോത്സവം എന്ന പേരിൽ വത്സലാദേവി സംഘടിപ്പിച്ച ഏകാംഗ ചിത്രപ്രദർശനത്തിന് വൻസ്വീകാര്യത ലഭിച്ചതും.
ചുവർ ചിത്രകലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത ചിത്രകാരിയാണ് വത്സലാദേവി. മുത്തച്ഛനിൽനിന്ന് പകർന്നുകിട്ടിയ കലാപാരമ്പര്യം ഭർത്താവിന്റെ മരണശേഷമുണ്ടായ ഒറ്റപ്പെടലിൽ തുണയായത് നിമിത്തം മാത്രം. പ്രീഡിഗ്രിക്ക് ശേഷം മാവേലിക്കര രവിവർമ്മ ലളിതകലാ അക്കാഡമിയിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടി ഇടപ്പോൺ ഹൈസ്കൂളിൽ ചിത്രകലാ അദ്ധ്യാപികയായി.
കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനായ നൂറനാട് മറുതവിള പുത്തൻവീട്ടിൽ ജയചന്ദ്രൻ നായരുടെ ഭാര്യയായി ഓണാട്ടുകരയിലെ നൂറനാട് എന്ന ഗ്രാമത്തിൽ എത്തി. വിവാഹത്തിനുശേഷം ചിത്രകലയിൽ പ്രോത്സാഹിപ്പിച്ചത് ഭർത്താവായിരുന്നു. 2008ൽ ഭർത്താവിന്റെ വേർപാടിൽ മനസ് കലുഷിതമായ വേളയിൽ കൂട്ടായെത്തിയതും ചിത്രകലതന്നെ.
പത്തനംതിട്ട ജില്ലയിൽ ആയ്ക്കാട് എന്ന ഗ്രാമത്തിൽ അദ്ധ്യാപക ദമ്പതികളായ ഗോപാലൻനായരുടെയും ഭാർഗവിഅമ്മയുടെയും ഇളയമകൾ വത്സലാദേവി ഇന്ന് വരകളുടെയും ചിത്രങ്ങളുടെയും ലോകത്ത് തന്റേതായ സംഭാവന നൽകുകയാണ്. ചുവർചിത്രകല, ഗ്ലാസ് പെയിന്റ്, എണ്ണച്ചായം, ബാംബൂ ഡിസൈൻ തുടങ്ങി വരയുടെ വിവിധ മേഖലകളിൽ വത്സലാദേവി തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. മുത്തച്ഛന്റെ കലാപാരമ്പര്യം കണ്ടുവളർന്നതുകൊണ്ട് ചെറുപ്രായത്തിൽതന്നെ കുഞ്ഞുപ്രതിമകൾ ഉണ്ടാക്കുകയും ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തിരുന്നു. സന്യാസിയായ മുത്തച്ഛൻ നാരായണക്കുറുപ്പ് (സ്വാമി വൽക്കലാനന്ദ) ഒരിക്കൽ പൂർവാശ്രമത്തിൽ എത്തിയപ്പോൾ ചെറുമകളുടെ അഭിരുചി തിരിച്ചറിയുകയും തന്റെ രേഖാചിത്രം വരയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മുത്തച്ഛന്റെ ചിത്രം കണ്ട് കുടുംബാംഗങ്ങൾ പിന്നീട് ചിത്രകലയിൽ കൂടുതൽ പ്രോത്സാഹനം നൽകി. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചശേഷം വസന്താ നായരുടെ ശിക്ഷണത്തിലാണ് ചുവർചിത്രകല അഭ്യസിച്ചത്. നിരവധി കുട്ടികളാണ് വത്സല ടീച്ചറുടെ കീഴിൽ ചിത്രകല പഠിക്കാനെത്തുന്നത്. മക്കളായ മഞ്ജു ശ്രീജയനും മനീഷ് ജയചന്ദ്രനും അമ്മയ്ക്ക് പ്രോത്സാഹനം നൽകി കൂടെയുണ്ട്. നിരവധി പുരസ്കാരങ്ങളും അനുമോദനങ്ങളും കരസ്ഥമാക്കിയ വത്സല ടീച്ചർ തിരുവനന്തപുരത്തും കൊച്ചിയിലും ചിത്രപ്രദർശനം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്.