തിരുവനന്തപുരം: നീണ്ട് നിവർന്ന് കിടക്കുന്ന റോഡിൽ ഇരുവശങ്ങളിലും തല ഉയർത്തിനിന്ന് തണൽ തരുന്ന നൂറോളം മരങ്ങൾ! കഴക്കൂട്ടം വഴി ടെക്നോപാർക്ക് വരെ സഞ്ചരിക്കുന്ന ഏതൊരാളിന്റെയും മനസും ശരീരവും കുളിർപ്പിക്കുന്ന കാഴ്ചയായിരുന്നു ഇത്. എന്നാൽ ഇന്ന് അത് വഴി സഞ്ചരിക്കുന്ന ഏതൊരാളിന്റെ മനസും തകർക്കും വേരറ്റ് നിലം പൊത്തി കിടക്കുന്ന നൂറോളം മരങ്ങളുടെ വേദനിപ്പിക്കുന്ന ചിത്രം. വികസനത്തിന് മുന്നിൽ തലകുനിച്ച് ഈ മരങ്ങൾക്ക് പകരം ആയിരത്തോളം മരങ്ങൾ വച്ച് പിടിപ്പിക്കാൻ ഒരുങ്ങുകയാണ് വനം വകുപ്പിലെ സോഷ്യൽ ഫോറസ്ട്രി വിഭാഗം. ദേശീയ പാത അതോറിട്ടിക്കാണ് എലിവേറ്റഡ് ഹൈവേയുടെ ചുമതല. നിർമ്മാണത്തിനായി വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള മരം മുറിക്കേണ്ടി വന്നാൽ ഒരു മരത്തിന് പകരം പത്ത് മരങ്ങൾ വച്ച് പിടിപ്പിക്കാനുള്ള പണം അടയ്ക്കണമെന്നാണ് ചട്ടം. വനം വകുപ്പ് ആവശ്യപ്പെടുന്ന തുക ഇതിനായി മുൻകൂർ അടയ്ക്കണം. പണം അടച്ചാൽ ഉടൻ മരം നട്ട് പിടിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് വനം വകുപ്പ് പറയുന്നത്.
ചട്ടപ്രകാരം വിഴിഞ്ഞം പോർട്ടൽ നിർമ്മാണത്തിനായി അദാനി ഗ്രൂപ്പ് മരം മുറിച്ചതിന് പകരം കഴക്കൂട്ടം സൈനിക സ്കൂൾ കാമ്പസിൽ 10 ഹെക്ടറിൽ മരങ്ങൾ വച്ചുപിടിപ്പിച്ചിരുന്നു. കഴക്കൂട്ടം മുതൽ മുക്കോല വരെയുള്ള റോഡ് നിർമ്മാണത്തിനായി 14,000 മരങ്ങൾ മുറിക്കേണ്ടി വന്നിരുന്നു. ഇതിന് പകരം സൈനിക സ്കൂൾ കാമ്പസിൽ 20 ഹെക്ടറിൽ മരങ്ങൾ വച്ചുപിടിപ്പിച്ചിരുന്നു വനം വകുപ്പ്. രണ്ട് വർഷത്തിനുള്ളിൽ എലിവേറ്റഡ് ഹൈവേനാല് വർഷം മുൻപാണ് കഴക്കൂട്ടത്ത് എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്ന ആശയം ഉയർന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായ നഗരത്തിൽ ഈ പദ്ധതി ഏറെ സ്വീകാര്യമാകും. ആശുപത്രിനട ജംഗ്ഷൻ മുതൽ ടെക്നോപാർക്ക് മൂന്നാം ഘട്ടം വരെ 2.72 കിലോമീറ്റർ നീളത്തിൽ 195 കോടി രൂപ ചെലവിൽ നിർമിക്കുന്ന മേൽപ്പാലം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകും. റോഡിന്റെ മീഡിയനിൽ ഒറ്റത്തൂണുകളിൽ നാലുവരിപ്പാതയാണ് ഒരുക്കുന്നത്. ബൈപാസ് റോഡിന് ആനുപാതികമായി 45 മീറ്ററിലാണ് എലിവേറ്റഡ് ഹൈവേയുടെയും വീതി. ആകെ 79 തൂണുകളാണ് പണിയുക. തൂണുകൾ തമ്മിൽ 30 മീറ്റർ അകലം. നടപ്പാതയ്ക്ക് പുറമെ കേബിൾ ലൈനുകൾക്കും സൗകര്യമുണ്ടാകും. പ്രതിഷേധത്തിനും വിവാദങ്ങൾക്കും ഒടുവിലാണ് സ്ഥലം ഏറ്റെടുത്തത്. മണ്ണ് പരിശോധന പൂർത്തിയാക്കി പൈലിംഗ് ടെസ്റ്റ് നടത്തിയപ്പോഴും പ്രതിഷേധമുണ്ടായി. പൈലിംഗ് കാരണം സ്ഥലത്തെ വീടുകൾക്ക് കേടുപാടുണ്ടാകും എന്നാരോപിച്ചായിരുന്നു ബഹളം. അത്തരം പ്രശ്നങ്ങൾ പരിഹരിച്ചാണ് നിർമാണത്തിലേക്ക് കടന്നത്.
ഒരു മരത്തിന് പകരം പത്ത് മരം വച്ചുപിടിപ്പിക്കും. ഇതിനായുള്ള നടപടികൾ ആരംഭിച്ചു. എ.ആർ. അനി അസി. ഫോറസ്റ്റ് കൺസർവേറ്റർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ