തിരുവനന്തപുരം: നാണയം, സ്റ്റാമ്പ്, കറൻസി എന്നിവയുടെ അപൂർവ ശേഖരങ്ങളുമായി പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈ സ്കൂൾ ചരിത്ര അദ്ധ്യാപകൻ മാത്യു ജോൺ. ക്രിസ്തുവിനെ ഒറ്റിയ വെള്ളിക്കാശ് മുതൽ ലോകത്തിലെ ഏറ്റവും വലിയ കറൻസി വരെ മാത്യു ജോണിന്റെ പക്കലുണ്ട്. തീപ്പെട്ടി പടങ്ങൾ ശേഖരിക്കുന്നത് കുഞ്ഞ് മാത്യുവിന് വിനോദമായിരുന്നു. ഇത് മനസിലാക്കിയ അച്ഛനാണ് സ്റ്റാമ്പുകളുടെ ലോകത്തേക്ക് മാത്യുവിനെ നയിച്ചത്. പ്രവാസിയായിരുന്ന അച്ഛന്റെ കത്തുകളിൽ നിന്നും സ്റ്റാമ്പുകൾ ശേഖരിച്ചു.
ക്രിസ്തുവിനെ ഒറ്റിയ വെള്ളിക്കാശ്
റോമൻ സാമ്രാജ്യത്തിൽ യേശുവിന്റെ കാലഘട്ടത്തിലുണ്ടായിരുന്ന അപൂർവ നാണയമായ വെള്ളിക്കാശ് (സിൽവർ ദിനറിയൂസ്), പുരാതന കാലഘട്ടത്തിലെ മൗര്യ സാമ്രാജ്യത്തിലെ നാണയം 'കാർഷാപണത്തി"ൽ, അശോക ചക്രവർത്തിയുടെ കാലത്തെ നാണയങ്ങൾ, ഇന്തോ-ഗ്രീക്ക് നാണയങ്ങൾ, മദ്ധ്യകാലഘട്ടത്തിലെ ഗുപ്തൻ, ചേര -ചോള- പാണ്ഡ്യന്മാർ, ഹുമയൂൺ, അക്ബർ, ഔറംഗസേബ്, ജഹാംഗീർ, ഷാജഹാൻ തുടങ്ങിയവരുടെ കാലത്തെ നാണയങ്ങൾ, യൂറോപ്പുകാരുടെ കോളനി വാഴ്ചയിലുണ്ടായ നാണയങ്ങൾ, മുഗളന്മാർ, മുസ്ലം രാജവംശം, പിഗ്രൂപി നാണയം, ആസ്ട്രേലിയയിലെ ഒരു കിലോ ഭാരമുള്ള നാണയം, ബ്രിട്ടീഷ് സ്വർണ നാണയം വരെ മാത്യു ശേഖരിച്ചു.
1840ൽ ബ്രിട്ടൻ ഇറക്കിയ ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പായ 'പെന്നി ബ്ലാക്ക്" അച്ഛനാണ് സമ്മാനിച്ചതെന്ന് മാത്യു പറഞ്ഞു. 50,000 രൂപയ്ക്ക് മുകളിലാണ് ഇന്നിതിന്റെ മൂല്യം. ബ്രസീലിലെ 'ബുൾസ് ഐ', സ്റ്റാമ്പുകൾ, മണമുള്ള സ്റ്റാമ്പുകൾ, ഇന്ത്യയിലെ ഖദർ തുണി, സ്വർണ വെള്ളി ഫോയിൽ പേപ്പറുകൾ കൊണ്ട് നിർമ്മിച്ച സ്റ്റാമ്പുകൾ, മറ്റു രാജ്യങ്ങൾ ഉണ്ടാക്കിയ ഗാന്ധിജിയുടെ അറുപതോളം സ്റ്റാമ്പുകൾ തുടങ്ങി ഒട്ടനവധി സ്റ്റാമ്പുകളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
തന്റെ ശേഖരങ്ങളിൽ ഭൂരിഭാഗവും ബാങ്ക് ലോക്കറിൽ ഭദ്രമാക്കിയിരിക്കുകയാണ് ഈ അദ്ധ്യാപകൻ. തിരുവനന്തപുരം റിസർവ് ബാങ്ക് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പ്രദർശനം നടത്തിയിട്ടുണ്ട്. പട്ടം സെന്റ് മേരീസ് സ്കൂളിലെ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇവ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് മാത്യു. വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും പഠിക്കാനായി തന്റെ ശേഖരങ്ങളുടെ വിവരണം സി.ഡി രൂപത്തിലാക്കാനും ആലോചനയുണ്ട്.
മാവേലിക്കര സ്വദേശിയായ മാത്യു ജോൺ 2000 മുതൽ പട്ടം സെന്റ് മേരീസ് സ്കൂളിലേ അദ്ധ്യപകനാണ്. മകൾ മിന്ന ഇവിടെ തന്നെ പ്ലസ് ടു വിദ്യാർത്ഥിയും, ഭാര്യ ലിനി വൈദ്യുതി ബോർഡിൽ ഉദ്യോഗസ്ഥയുമാണ്.